മാനവീക വിരുദ്ധമായ യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വതാല്‍പര്യം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
യുക്രെയിനു മേലുള്ള റഷ്യന്‍ ആക്രമണം അങ്ങേയറ്റം അപലപനീയം
തിരുവനന്തപുരം: മാനവീക വിരുദ്ധമായ യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മാനവരാശിക്ക് നാശം വിതക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ പാളയം രകത്സാക്ഷി മണ്ഡപത്തിനു സമീപം നടത്തിയ യുദ്ധവിരുദ്ധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുക്രെയിനു മേലുള്ള റഷ്യന്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ലോക രാജ്യങ്ങളെ പാവ കളിപ്പിക്കുന്ന യുഎസ് തന്ത്രങ്ങളും ഈ ആക്രമണത്തിന് കാരണമായിട്ടുണ്ട്. തുല്യതയില്ലാത്ത കെടുതികളാണ് ഓരോ യുദ്ധങ്ങളും ലോകത്തിന് നല്‍കുന്നത്. വിധവകളുടെയും അനാഥബാല്യങ്ങളുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും വിലാപങ്ങളാണ് ലോകത്ത് കേള്‍ക്കുന്നത്. നാളിതുവരെ അധ്വാനിച്ചു നേടിയതെല്ലാം ഒരു നിമിഷംകൊണ്ട് ചാരമാക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്യുന്നു. പിറന്ന നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ അലയേണ്ടി വരുന്നവരെയാണ് യുദ്ധം അവശേഷിപ്പിക്കുന്നത്.
മനുഷ്യന്റെ പുരോഗതിക്കായി വനിയോഗിക്കേണ്ട വിഭവങ്ങളാണ് തകര്‍ക്കപ്പെടുന്നത്. തലമുറകള്‍ക്ക് പഠിക്കാനും വളരാനും ജീവിക്കാനുമുള്ള അവകാശം നശിപ്പിക്കപ്പെടുന്നു. മാനവീക വിരുദ്ധമായ അധിനിവേശത്തിനും ആക്രമണത്തിനും പിന്നില്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളോടൊപ്പം വംശീയതയും പ്രകടമാണ്. ഇസ്രയേലിന്റെ ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഫലസ്തീന്‍ ഇരയാക്കപ്പെടുന്നത് ഈ വംശീയ താല്‍പ്പര്യം മൂലമാണ്. അധിനിവേശത്തിനെതിരേ പോരാടുന്ന ഫലസ്തീനികളെ തീവ്രവാദികളെന്നും യുക്രെയിനുവേണ്ടി പോരാടുന്നവരെ പോരാളികളെന്നും സംബോധന ചെയ്യുന്ന ഇരട്ടത്താപ്പാണ് നാം കാണുന്നത്. ലോകനന്മയ്ക്കായി വിനിയോഗിക്കേണ്ട സാങ്കേതീക നേട്ടങ്ങളാണ് മാനവരാശിയുടെ നാശത്തിനായി വിനിയോഗിക്കുന്നത്. മാനവിക വിരുദ്ധമായ യുദ്ധത്തില്‍ നിന്ന് സാമ്രാജ്യത്വ ശക്തികള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍, ദേശീയ സമിതിയംഗം പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗം ശശി പഞ്ചവടി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിച്ചു. സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.