വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; തിരച്ചിലിന് പോയി വനത്തിൽ കുടുങ്ങിയ 18 പേർ തിരിച്ചെത്തി
നിലമ്പൂര്‍: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരയാനായി ചാലിയാര്‍ പുഴയുടെ തീരത്തുള്ള വനപ്രദേശത്ത് അകപ്പെട്ട 18 പേര്‍ തിരികെയെത്തി. ഞായറാഴ്ചയാണ് നിലമ്പൂര്‍ ഭാഗത്തുനിന്ന് തിരച്ചിലിനായി പോയ സംഘം വനത്തില്‍ കുടുങ്ങിയത്. പോത്തുകല്ല് കഴിഞ്ഞ് സൂചിപ്പാറ കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് താഴെയുള്ള ഉള്‍വനത്തിലാണ് ഇവര്‍ കുടുങ്ങിയത്.
രാത്രിയോടെ വനംവകുപ്പ് ജീവനക്കാരെത്തി 18 പേരെയും വനംവകുപ്പിന്റെ ഔട്ട് പോസ്റ്റില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഇവര്‍ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഈ മൃതദേഹം തിങ്കളാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്താണ് കൊണ്ടുപോയത്.
ടിആര്‍എഫിന്റെ 14 പേരും സന്നദ്ധ സംഘടയുടെ നാല് പ്രവര്‍ത്തകരുമാണ് വനത്തില്‍ കുടുങ്ങിയത്. ഉള്‍വനത്തില്‍ ഒരു മൃതദേഹം കണ്ടെത്തിയ ശേഷം മറ്റൊരു മൃതദേഹം കൂടി ഉണ്ടെന്ന് ഇവര്‍ക്ക് സൂചന ലഭിച്ചു. തുടര്‍ന്ന് ആ ഭാഗത്തേക്ക് ഇവര്‍ നീങ്ങി. എന്നാല്‍, അവിടെ നിന്ന് ഇവര്‍ക്ക് തിരികെ വരാന്‍ കഴിയാതാവുകയായിരുന്നു.
അതീവ ദുഷ്‌കരമാണ് ചാലിയാറിന്റെ തീരത്തെ രക്ഷാപ്രവര്‍ത്തനം. ശക്തമായ കുത്തൊഴുക്കാണ് പുഴയ്ക്ക് ഇവിടെയുള്ളത്. ഒപ്പം വനമേഖലയില്‍ നിരവധി തുരുത്തുകളുമുണ്ട്.