ശനി,ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും; മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് ലോക്ക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. നിയന്ത്രണങ്ങള്‍ നീക്കി പകരം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സംസ്ഥാനത്ത് പൊതുവായി ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന തീരുമാനത്തിനാണ് കൂടുതല്‍ സാധ്യത. 22ന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാകും തീരുമാനം.
ഇതിനിടെ പെരുന്നാളും കച്ചവടക്കാരുടെ ആവശ്യവും മുന്‍നിര്‍ത്തി സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രിംകോടതി രംഗത്തെത്തി. കാറ്റഗറി ഡി എന്ന് അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ജൂലൈ 19ന് ഡി കാറ്റഗറിയിലും എല്ലാ കടകളും തുറക്കാന്‍ അനുവദിച്ചു. ഉത്തര്‍ പ്രദേശിലെ കന്‍വര്‍ യാത്രയുമായി ബന്ധപ്പെട്ട കേസില്‍ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്നായിരുന്നു കോടതി പറഞ്ഞത്. ഇളവുകള്‍ മൂലം സ്ഥിതിഗതികള്‍ രൂക്ഷമാവുന്ന സ്ഥിതിയുണ്ടായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും. ഇളവ് ആശങ്കുണ്ടാക്കുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.