വിധവകളും അര്‍ധവിധവകളും: സത്യാന്വേഷണത്തിന്റെ പൊള്ളുന്ന വരമൊഴി
നിനച്ചിരിക്കാത്ത ദുര്‍ദിനത്തില്‍ തങ്ങളില്‍ നിന്നു പിഴുതെടുക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചോര്‍ത്ത് വിതുമ്പുന്ന ഒരു ജനതയുടെ ജീവിത കഥയിലേക്കുള്ള സഞ്ചാരമാണ് അഫ്‌സാനാ റഷീദിന്റെ 'വിധവകളും അര്‍ധവിധവകളും'
ഇന്ത്യ രൂപീകൃതമായ കാലം മുതല്‍ കശ്മീര്‍ ഒരു സംഘര്‍ഷ ഭൂമിയും വിവാദവിഷയവുമാണ്. അതുകൊണ്ടുതന്നെ ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ നെരിഞ്ഞമര്‍ന്നുപോയ മനുഷ്യ ജീവിതങ്ങള്‍ ഒരിക്കലും നമ്മുടെ സജീവ ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ല. മണ്ണിന് മനുഷ്യനേക്കാള്‍ പതിന്‍മടങ്ങ് പരിഗണന ലഭിക്കുന്ന രാഷ്ട്ര വ്യവഹാരങ്ങള്‍ക്കിയില്‍ മനുഷ്യരുടെ കണ്ണീരും വേദനയും വെറും പാഴ്‌വസ്തുക്കളായി മാറുന്നത് നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. നിനച്ചിരിക്കാത്ത ഒരു ദിനത്തില്‍ തങ്ങളില്‍ നിന്നു ബലാല്‍ക്കാരത്തിലൂടെ പിഴുതെറിയപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചോര്‍ത്ത് വിതുമ്പുന്ന ഒരു ജനതയുടെ ഉള്ളുരുക്കുന്ന ജീവിതകഥയിലേക്കാണ് ഈ കൃതി നമ്മെ കൈപിടിച്ചു നടത്തുന്നത്.
കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗം. പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ വശ്യമാക്കിയ താഴവര. ദശകങ്ങളായി അശാന്തിയുടെ നിലയ്ക്കാത്ത നിലവിളിയുടെ കരള്‍ കത്തുന്ന നൊമ്പരം. 1947 മുമ്പ് മുസ് ലിംഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ മഹാരാജാ ഹരിസിംഗിന്റെ ഭരണത്തിലുള്ള രാജഭരണ പ്രദേശമായിരുന്നു.
1947ല്‍ ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായി സ്വാതന്ത്ര്യം നേടി. എന്നാല്‍ കശ്മീര്‍ മുഴുവന്‍ ഇന്ത്യയുടേതെന്ന് ഇന്ത്യയും പാകിസ്താന്‍ മറിച്ചും നിലപാടെടുത്തു. ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും സൃഷ്ടിച്ചു. കശ്മീരികള്‍ നിരന്തരം ദേശസ്‌നേഹം തെളിയിക്കേണ്ട അപരമനുഷ്യരായി മാറി. അശാന്തിയുടെ പല കാരണങ്ങളില്‍ നിരപരാധികളും സായുധരുമെല്ലാം വധിക്കപ്പെട്ടു. അവരുടെ കുഴിമാടങ്ങളുടെ നെടുവീര്‍പ്പുകള്‍ വൈധവ്യവും അര്‍ധ വൈധവ്യവുമായി സങ്കടക്കടല്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. കണ്ണീരിന്റെ കഥപറയുന്ന സ്ത്രീ ജന്‍മങ്ങള്‍, അനാഥത്വം പേറുന്ന ബാല്യങ്ങള്‍, കാണാതാവുന്നവരെ കാത്ത് കണ്ണുതളര്‍ന്ന് മയങ്ങുന്ന ഉമ്മമാര്‍. കശ്മീര്‍ അനുഭവങ്ങളുടെ നൊമ്പരപ്പെയ്ത്തില്‍ കരളുരുകുന്ന വായനാനുഭവമാണ് 'വിധവകളും അര്‍ദ്ധ വിധവകളും'.
26 അധ്യായങ്ങളുള്ള അഫ്‌സാനാ റഷീദിന്റെ ഈ കൃതി ആത്മാവ് ചോരാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് വി ബഷീര്‍ ആണ്. മണ്ണിന് മനുഷ്യജീവനേക്കാള്‍ പതിന്മടങ്ങ് പരിഗണന ലഭിക്കുന്ന രാഷ്ട്രവ്യവഹാരങ്ങള്‍ക്കിടയില്‍ പിടഞ്ഞുതീരുന്ന മനുഷ്യ ജീവിതങ്ങളുടെ നേര്‍ കാഴ്ചയാണ് ഇ
ൗ കൃതി. കരിങ്കല്ലിന്റെ കരുണയില്ലാത്ത നിശ്ചലതയായി ഭരണകൂടങ്ങളുടെ മനുഷ്യരോടുള്ള ക്രൂരതകളെ കൃതി ബാക്കി വയ്ക്കുന്നുണ്ട്. കശ്മീരിന്റെ ചരിത്രവും പശ്ചാത്തലവും വര്‍ത്തമാനവും ഭാവിയുടെ ആശങ്കകളും ചേര്‍ന്ന പഠനാനുഭവം. എന്തുകൊണ്ട് ഇത്രയധികം വിധവകളും
അര്‍ധ വിധവകളും എന്ന അന്വേഷണം. കുഴിമാടങ്ങള്‍ ബാക്കിവയ്ക്കുന്ന വ്യാജ ഏറ്റുമുട്ടലുകളുടെയും കൈയേറ്റങ്ങളുടെയും അകംതേടുന്ന അന്വേഷണം. സുപ്രിം കോടതി വിധികളും അവയുടെ പരിണിതിയും-സത്യാന്വേഷണത്തിന്റെ പൊള്ളുന്ന വരമൊഴിയാണ് ഈ പുസ്തകം.
കര്‍ഫ്യൂകളില്‍ നിന്ന് കര്‍ഫ്യൂകളിലേക്ക് ജീവിതം തുറന്ന് തടവറയിലെന്ന പോലെ സ്വാതന്ത്ര്യത്തിന്റെ പരിമിതിയില്‍ അനുഭവിക്കുന്നതാണ് കശ്മീരി ജീവിതം. കശ്മീരിന്റെ മണ്ണിനും പെണ്ണിനും മേല്‍ കൊതി കയറിയ സംഘി മനോരോഗം വീണ്ടും കീറിമുറിച്ച് ഒറ്റപ്പെടുത്തിയ കശ്മീരിന്റെ വര്‍ത്തമാനത്തില്‍ ഈയൊരു അനുഭവ യാത്രയ്ക്ക് പ്രാധാന്യമേറെയാണ്. ദയനീയമായ വിധവകളുടെയും അര്‍ധ വിധവകളുടെയും ജീവിതം, മടിച്ചു പിന്മാറുന്ന പുനര്‍വിവാഹം, ഇതൊക്കെ നിരന്തര സംഘര്‍ഷങ്ങളില്‍ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ഭാരവും വേദനയും വഹിക്കേണ്ടിവരുന്ന സ്ത്രീ ജീവിതങ്ങളുടെ എക്കാലത്തെയും അനുഭവ പകര്‍പ്പുകളാണ്. സര്‍ക്കാരും സമൂഹവും കുടുംബവും പിന്തുണയ്ക്കാനില്ലാത്ത പെരുവഴിയായി ജീവിതം അനുഭവിച്ചു തീര്‍ക്കുന്ന, പോരാട്ടം ബാക്കിയായ ജീവിതങ്ങള്‍.
ഇന്ത്യയ്ക്കകത്ത് അപരത്വവും നിസ്സഹായതയുമാണ് കശ്മീരി മനുഷ്യ സ്വത്വം. നിനച്ചിരിക്കാത്ത ദുര്‍ദിനത്തില്‍ തങ്ങളില്‍ നിന്നു പിഴുതെടുക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചോര്‍ത്ത് വിതുമ്പുന്ന ഒരു ജനതയുടെ ജീവിത കഥയിലേക്കുള്ള സഞ്ചാരമാണ് വിധവകളും അര്‍ധവിധവകളും. തടവറ സമാനമായ അധിനിവേശത്തിന്റെ വര്‍ത്തമാനത്തില്‍ ജന്മാവകാശങ്ങളും ജീവിതവും ഇരുളിലേക്ക് മറയുമീ കാലസന്ധ്യയില്‍ ഇനിയും അനാഥകളും വിധവകളും വേദനയില്‍ നിറയാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന പോലെ നമ്മോടീ കഥ പറയാന്‍ ബാക്കിവച്ചത്, നമ്മെ തേടിയെത്താവുന്ന കൈയകലത്തിലെ ആകുലതയാണെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് ഈ കൃതി.
ഇന്ത്യന്‍ സാഹോദര്യത്തിന്റെ ഭാവബാക്കിയില്‍ അകലെയുള്ളതല്ല, നമ്മില്‍ തന്നെയാണ് ഈ അനുഭവങ്ങളെന്ന് ഓര്‍ത്തു വായിക്കുമ്പോഴാണ്, ജീവിക്കാന്‍ വേണ്ടി സ്ത്രീകള്‍ പ്രതിരോധം തീര്‍ക്കുന്ന പോലെ പെണ്‍ ബാധ്യതകളുടെ ബോധ്യപ്പെടുത്തലുകള്‍ അനുവാചകന് ഉത്തരവാദിത്തമാവുന്നത്. ഇന്ത്യയുടെ വര്‍ത്തമാനത്തിന്റെ ഭാവിയെ ചൂഴ്ന്നുനില്‍ക്കുന്ന അധികാര അഹങ്കാരത്തിന്റെയും ജനതയുടെയും
മനസ്സും മനോഭാവവും അനുഭവവും ചേര്‍ന്ന കാഴ്ചപ്പാട് തന്നെയാണ് ഈ കൃതിയും പങ്കുവയ്ക്കുന്നത്. തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ച 196 പേജുകളുള്ള പുസ്തകത്തിന്റെ വില 170 രൂപയാണ്.
വിധവകളും അര്‍ധവിധവകളും
തേജസ് ബുക്‌സ്, കോഴിക്കോട്
പേജ് 198, 170 രൂപ