വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ച് കശ്മീരിലെ പ്രധാന നേതാക്കള്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന കാര്യത്തില്‍ തീരുമാനമായി. യോഗത്തിന് ക്ഷണിച്ച എല്ലാവരും തന്നെ പങ്കെടുക്കുന്നുണ്ട്. പതിനാല് പാര്‍ട്ടികളെയാണ് ആഭ്യന്തര മന്ത്രാലയം ചര്‍ച്ചക്ക് ക്ഷണിച്ചത്. ആഭ്യന്തര സെക്രട്ടറി നേരിട്ട് നടത്തിയ നീക്കം വിജയിച്ചുവെന്നു വേണം കരുതാന്‍. എല്ലാവരും പങ്കെടുക്കാന്‍ സമ്മതമറിയിച്ചു.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ (എന്‍സി) രക്ഷാധികാരി ഫാറൂഖ് അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, ജമ്മു കശ്മീര്‍ പാന്തേഴ്സ് പാര്‍ട്ടിയിലെ പ്രഫ. ഭീം സിംഗ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സജാദ് ലോണ്‍ (പിസി), പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് മേധാവി സയ്യിദ് അല്‍താഫ് ബുഖാരി, എന്നിവര്‍ക്കൊപ്പം സിപിഎം നേതാവ് തരിഗാമി, ജമ്മു കശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍, ചില മുന്‍ ഉപമുഖ്യമന്ത്രിമാര്‍ എന്നിവരും പങ്കെടുക്കും.
സര്‍ക്കാര്‍ പക്ഷത്തുനിന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിങ്, പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവരും ആഭ്യന്തര മന്ത്രാലയത്തിലെയും മറ്റും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
2019 ആഗസ്റ്റ് 5ന് പ്രത്യേക പദവി എടുത്തുമാറ്റി സംസ്ഥാനത്തെ ജമ്മു കശ്മീരെന്നും ലഡാക്കെന്നും രണ്ടായി വിഭജിച്ചശേഷം ആദ്യമായാണ് നാഷണല്‍ കോണ്‍ഫ്രന്‍സിന്റെയും പിഡിപിയുടെയും സിപിഎമ്മിന്റെ നേതാക്കള്‍ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നത്. 2019 ആഗസ്റ്റ് അഞ്ചിന് തടവിലായശേഷം ഈ നേതാക്കള്‍ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതും ഇതാദ്യമാണ്.
നാളെ നടക്കുന്ന യോഗത്തിനുവേണ്ടി വലിയ തോതിലുള്ള ഒരുക്കങ്ങള്‍ ആഭ്യന്തര മന്ത്രാലയം നടത്തിയതായാണ് വിവരം. ഇത്തരമൊരു യോഗം വിളിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മെഹബൂബ മുഫ്തി പരസ്യമായി പറയുകയും ചെയ്തു.
ഡല്‍ഹിയിലെ യോഗം വെറുമൊരു കെട്ടുകാഴ്ചയായി അവസാനിക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്. ചില കാര്യങ്ങളിലെങ്കിലും തീരുമാനമായേക്കുമെന്ന് അവര്‍ക്ക് പ്രതീക്ഷയുണ്ട്.
എങ്കിലും ഇതു സംബന്ധിച്ച പാര്‍ട്ടികള്‍ക്കിടയില്‍ വലിയ അഭിപ്രായഭിന്നതയുമുണ്ട്. വെറുമൊരു യോഗമാണെങ്കിലും അത് വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചുവെന്നത് ചെറിയ കാര്യമല്ലെന്നാണ് ഒരു വിഭാഗം കരുതുന്നത്. അതോടൊപ്പം ജമ്മുകശ്മീരിന് സംസ്ഥാന പദവി ലഭിക്കുമെന്നും നേതാക്കള്‍ വിശ്വസിക്കുന്നു. സംസ്ഥാന പദവിയുമായല്ലാതെ ജനങ്ങളുടെ അടുത്തേക്ക് പോകാനാവില്ലെന്ന് അവര്‍ കരുതുന്നു. ജനങ്ങളെ അഭിമുഖീകരിക്കാനും നേതാക്കള്‍ക്ക് ബുദ്ധിമുട്ടാവും. തിരഞ്ഞെടുപ്പ് പോലുള്ള ഒരു സംവിധാനത്തിന്റെ അഭാവത്തില്‍ ഈ നേതാക്കള്‍ക്ക് കശ്മീരില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന പ്രതിസന്ധിയുമുണ്ട്.
കശ്മീരിനെ സംബന്ധിച്ചിടത്തോളം നിയോജക മണ്ഡല അതിര്‍ത്തിനിര്‍ണയം പൂര്‍ത്തിയായതിനുശേഷമേ തിരഞ്ഞെടുപ്പ് നടത്താനാവൂ. അതിനുവേണ്ടി നിയോഗിച്ച കമ്മീഷന്റെ കാലാവധി മാര്‍ച്ചില്‍ തീര്‍ന്നെങ്കിലും അത് നീട്ടിക്കൊടുത്തു.
അതേസമയം എന്തെങ്കിലും തരത്തിലുള്ള മുന്നുപാധിയുമായി ചര്‍ച്ചക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്തിനാണ് യോഗം വിളിച്ചതെന്നുപോലും നേതാക്കളെ അറിയിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ യോഗത്തില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവിയെക്കുറിച്ചുള്ള ചര്‍ച്ചക്കുളള സാധ്യത കുറവാണെന്നാണ് കരുതുന്നത്. ഒരു പക്ഷേ, സംസ്ഥാന പദവി തിരികെനല്‍കിയേക്കാം. അതും ഒരു നിശ്ചിത കാലയളവിനുശേഷം.
രാഷ്ട്രീയ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നതാണ് എല്ലാ പാര്‍ട്ടികളുടെയും പൊതു ആവശ്യം. സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്രം തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ വാഗ്ദാനം പാലിക്കണമെന്നാണ് പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും ഉപാധികളോടെ ചര്‍ച്ചയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്.
സംസ്ഥാന പദവി അവരുടെ അവകാശമാണെന്നും അത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമാണെന്നും ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പറയുന്നു. അതേസമയം അതിനപ്പുറത്തേക്ക് ഒന്നും സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ഗുപ്കാര്‍ ഡിക്ലറേഷന്‍ അംഗങ്ങള്‍ പ്രത്യേക പദവിയല്ലാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. അനുച്ഛേദം 370ഉം 35എയും പുനഃസ്ഥാപിക്കണമെന്നാണ് അവരുടെ ആവശ്യം. തങ്ങള്‍ നക്ഷത്രങ്ങളൊന്നും ആവശ്യപ്പെടില്ലെന്ന് സിപിഎം നേതാവ് തരിഗാമിയും പറയുന്നു. എന്താണ് ഭരണഘടന നല്‍കിയത് അത് തിരികെത്തരമെന്നു മാത്രമേയുളളൂ.
ജൂണ്‍ 24ലെ യോഗത്തില്‍ പ്രത്യേക സംസ്ഥാനമെന്ന പദവി ജമ്മു-കശ്മീരിന് തിരികെ നല്‍കുമോ, അതോ വെറുമൊരു സംസ്ഥാനം കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവരുമോ അതുമല്ലെങ്കില്‍ വെറുംകയ്യോടെ ചായകുടിച്ച് പിരിയോ എന്ന് കണ്ട് തന്നെ അറിയണം.