ലോക്ക് ഡൗണ്‍ നീളുമോ? അനിശ്ചിതത്വം തുടരുന്നു
ഏഴോളം സംസ്ഥാനങ്ങളും പല പൊതുജനാരോഗ്യ വിദഗ്ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.
ന്യൂഡല്‍ഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നു ശേഷം നീളാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഏഴോളം സംസ്ഥാനങ്ങളും പല പൊതുജനാരോഗ്യ വിദഗ്ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ഇതേ അഭിപ്രായമാണ് കേന്ദ്രത്തിനും ഉള്ളതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നത്.
1367 കൊറോണ രോഗബാധിതരാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെടുന്ന ഏഴ് സംസ്ഥാനങ്ങളിലുള്ളത്. ഇത് മൊത്തം കൊറോണ ബാധിതരുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് വരും. കേന്ദ്രം പിന്‍വലിച്ചാല്‍ പോലും ഏപ്രില്‍ 14നു ശേഷം തങ്ങള്‍ ലോക്ക് ഡൗണ്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
തെലങ്കാന സംസ്ഥാന മുഖ്യമന്ത്രി ലോക്ക് ഡൗണിന് അനുകൂല നിലാപടിലാണ് നില്‍ക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, യുപി, അസം, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ കാര്യത്തില്‍ ഏകദേശം ഇതേ അഭിപ്രായത്തിലാണ്.
അസം തങ്ങളുടെ സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകളുള്ള മഹാരാഷ്ട്ര മുംബൈ, പൂനെ പോലുള്ള ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ ആവശ്യപ്പെടുന്നു. യുപിയുടെ നിലപാടും അതുതന്നെ.
പ്രദേശങ്ങളായി തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന ആശയമാണ് രാജസ്ഥാന്‍ മുന്നോട്ടു വച്ചിട്ടുള്ളത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ സംസ്ഥാനാന്തരയാത്ര നിയന്ത്രിക്കമെന്ന പക്ഷക്കാരനാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി പക്ഷേ, മറുപക്ഷത്താണ്. സംസ്ഥാനത്തെ ഗോതമ്പ് വിളവെടുപ്പ് ആരംഭിക്കാന്‍ പോവുകയാണെന്നും ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.
കേരളത്തിനും ലോക്ക് ഡൗണിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാവാനുള്ള സാധ്യതയില്ല.
അതേസമയം ഒരു സംസ്ഥാനം മാത്രമായി ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ ചില അപ്രായോഗികതകളും ഉണ്ട്. പ്രത്യേകിച്ച് വിമാനം, ട്രയിന്‍ എന്നിവയുടെ നിയന്ത്രണം കേന്ദ്രത്തിന്റെ കൈയിലായിരിക്കുന്ന സമയത്ത്.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ രാജ്യം സാമൂഹിക വ്യാപനത്തിലേക്ക് കടക്കുമെന്ന ഭീതിയാണ് പലരും പങ്കുവയ്ക്കുന്നത്.