ഉമ്മുല്‍ ഫായിസ
സുതാര്യതയെയും രഹസ്യത്തെയും കുറിച്ചുള്ള ആധുനിക ജനാധിപത്യത്തിന്റെ സന്നിഗ്ധതകള്‍ ഇതിനകത്തുണ്ട്. ഏതൊരു ഭരണകൂടവും അതിന്റെ സ്വഭാവം അനുസരിച്ച് രഹസ്യം / പരസ്യം ഇവയെക്കുറിച്ച് ചില സങ്കല്‍പങ്ങള്‍ പുലര്‍ത്തുന്നുണ്ട്.
ജോര്‍ജ് ഓര്‍വെല്‍ ബിഗ്ബ്രദര്‍ നിങ്ങളെ നിരീക്ഷിക്കുന്നുവെന്നു പറയുമ്പോള്‍ ഭരണകൂടം പൗരന്‍മാരെ ഏകപക്ഷീയമായി നിരീക്ഷിക്കുന്ന ഒരു കാലത്തെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ പെഗാസസ് സംഭവം സൂചിപ്പിക്കുന്നത് മറ്റൊരു ചരിത്ര ഘട്ടത്തെക്കുറിച്ചാണ്.
പൗരന്‍മാരെ നിരീക്ഷിക്കുന്ന വല്യേട്ടന്‍മാരെ നിരീക്ഷിക്കാനും ഭരണകൂടത്തിന്റെ നിരീക്ഷണ രീതികളെക്കുറിച്ച് സംസാരിക്കാനും കഴിയുന്ന ഒരു റിവേഴ്‌സ് ഓര്‍ഡര്‍ ഇന്ന് സംജാതമായിരിക്കുന്നു. ബിഗ് ബ്രദറിനു മറ്റുള്ളവരെ നിരീക്ഷിക്കാനും എന്നാല്‍ തന്നെ ആ നിരീക്ഷണ വലയത്തിനു പുറത്ത് പ്രതിഷ്ഠിക്കാനും കഴിയുന്ന കാലം അല്ല ഇത്. ഹാക്കിംഗ് ഇന്ന് പൗരന്‍മാരുടെ കൂടി കഴിവിലും അധികാരത്തിലും പെട്ടതാണ്. ആ മാറ്റം വളരെ പ്രധാനമാണ്.
എന്നാല്‍ ഭരണകൂട കേന്ദീകൃത രഹസ്യാന്വേഷണത്തിന്റെ ചരിത്രത്തിലെ മറ്റൊരു പ്രധാന പ്രശ്‌നം ഇതിനകത്തുണ്ട്. ഭരണകൂടത്തിന്റെ രഹസ്യാന്വേഷണം യഥാര്‍ഥത്തില്‍ അവരുടെ മുന്‍വിധികളെയും ഉറപ്പുകളെയും സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. മുന്‍കൂട്ടി അവര്‍ അറിയുന്ന, പരസ്യമായി പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുകള്‍ 'നിര്‍മിക്കാനാണ് ' രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിക്കാറുള്ളത്.
പഴയ കാലത്തെ മന്ത്രവാദത്തിന്റെ യുക്തിയാണ് ഭരണകൂടങ്ങള്‍ പിന്തുടരുതെന്ന് വികിലീക്‌സിനെക്കുറിച്ചുള്ള പ്രബന്ധത്തില്‍ ഉമ്പര്‍ട്ടോ എകോ പറയുന്നുണ്ട്. ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ച് ഹിന്ദുത്വ ഭരണകൂടം ചെയ്യുന്നത് ഭരണകൂട രഹസ്യാന്വേഷണത്തിന്റെ ഏറ്റവും പൗരാണിക രീതിയാണ്. തങ്ങള്‍ വിശ്വസിക്കുന്ന ഒരു രഹസ്യം പൗരന്‍മാരുടെ ഫോണില്‍ ഇല്ലെങ്കില്‍ ഒരു തകിടു പോലെ അതവിടെ നിക്ഷേപിക്കുക. അങ്ങിനെ തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച് ഭരണനിര്‍വഹണം തുടരുക എന്നതാണത്.