മാള: മഴ ശക്തമായതോടെ മാളയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന വീട്ടുകാര്‍ ആശങ്കയിലായി. ഒരു ദിവസം മാറി നിന്ന മഴ ഇന്നലെ ഉച്ചയോടെ ശക്തമായി പെയ്തു തുടങ്ങിയതോടെ വെള്ളം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പാടശേഖരങ്ങളോട് ചേര്‍ന്നയിടങ്ങളില്‍ ഓണത്തിനുദ്ദേശിച്ച് നട്ട വാഴകള്‍ വെള്ളക്കെട്ടിലായിരിക്കയാണ്. പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് വെള്ളം കൂടുതലായി വിട്ടു തുടങ്ങിയതോടെ ചാലക്കുടിപ്പുഴയിലെ ജലവിധാനം നല്ല രീതിയില്‍ ഉയര്‍ന്നു.
കെ എസ് ഇ ബിയുടെ മാള, പുത്തന്‍വേലിക്കര, പുത്തന്‍ചിറ, അന്നമനട, കുഴൂര്‍ എന്നീ സെക്ഷനുകള്‍ക്ക് കീഴില്‍ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ തകരാറിലായി. തേക്കടക്കമുള്ള മരങ്ങളും തെങ്ങും വീണ് ഓരോ സെക്ഷന് കീഴിലും വ്യാപകമായി വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. കുഴൂര്‍ സെക്ഷന് കീഴിലുള്ള തിരുമുക്കുളം, ആലമറ്റം, കള്ളിയാട്, കുരുവിലശ്ശേരി, ഐരാണിക്കുളം തുടങ്ങി നിരവധിയിടങ്ങളില്‍ പോസ്റ്റുകള്‍ ഒടിഞ്ഞു, ലൈനുകള്‍ പൊട്ടി. ഇതുമൂലം മണിക്കൂറുകളോളം വൈദ്യുതി തടസ്സമുണ്ടായി.
ജീവനക്കാരും കരാര്‍ ജീവനക്കാരും കഠിനമായി പണിയെടുത്ത് ഒരു ട്രാന്‍സ്‌ഫോമര്‍ ഒഴികെ എല്ലാം പുനഃസ്ഥാപിച്ചു. മറ്റ് സെക്ഷനുകള്‍ക്ക് കീഴിലും സമാനമായ അവസ്ഥയാണ്. ശക്തമായ കാറ്റിലും മഴയിലും മാളയില്‍ മരം വീണ് വീടിന്റെ ഒരു ഭാഗം ഭാഗികമായി തകര്‍ന്നു. മാള കോട്ടമുറി ഷാരത്ത് കല്ല്യാണിയുടെ വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
ആളപായമില്ല. കോട്ടമുറി വാട്ടര്‍ ടാങ്ക് വളപ്പില്‍ സ്ഥിതി ചെയ്യുന്ന വലിയമരമാണ് കടപുഴകി വീണത്. വീടിനോട് ചേര്‍ന്നുള്ള ബാത്ത് റൂം, ജലസംഭരണി എന്നിവ തകര്‍ന്നു. വാര്‍ഡംഗം അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.