ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ: അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിമന്‍ ഇന്ത്യന്‍ മൂവ്‌മെന്റ്

Update: 2021-11-29 13:56 GMT

പാലക്കാട്: പത്തിരിപ്പാലയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ധോണി ഉമ്മിണി സ്വദേശി നഫ്‌ലയുടെ മരണം അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് വിമന്‍ ഇന്ത്യന്‍ മൂവ്‌മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് ആഷിത നജീബ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ല (19)യാണ് കഴിഞ്ഞ വ്യാഴാഴ്ച തൂങ്ങിമരിച്ചത്. ധോണി ഉമ്മിനി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍ കമുറുലൈസ ദമ്പതികളുടെ മകളായ നഫ്‌ലയും മുജീബും 10 മാസം മുന്‍പാണു വിവാഹിതരായത്. വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നുവെന്നും വിളിച്ചിട്ടും തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ പൊളിച്ചുവെന്നുമാണ് മുജീബ് നല്‍കുന്ന വിശദീകരണം.

യുവതിയെ ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

എന്നാല്‍ മരണം ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച് സഹോദരന്‍ നഫ്‌സല്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ കുടുംബത്തോടൊപ്പം നിയമപോരാട്ടത്തിന് സംഘടന തയ്യാറാണെന്നും ആഷിത പറഞ്ഞു.

Tags:    

Similar News