തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രഥമ പരിഗണനയെന്ന് പുതിയ ഡിജിപിയായി ചുമതലയേല്‍ക്കുന്ന അനില്‍കാന്ത്. സംസ്ഥാന പോലിസ് മേധാവിയായി മന്ത്രി സഭാ യോഗം തീരുമാനിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും നന്ദിയുണ്ട്. പ്രത്യേകിച്ച്് മുഖ്യമന്ത്രിയോട് നന്ദിയുണ്ട്. ലോക് നാഥ് ബെഹ്‌റ തുടങ്ങിവച്ച കാര്യങ്ങള്‍ തുടരുമെന്നും അനില്‍ കാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന പോലിസ് മേധാവിയായി സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍ കാന്ത് എന്നിവരാണ് യുപിഎസ്‌സിയുടെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. നേരത്തെയുണ്ടായിരുന്ന ചുരുക്കപ്പട്ടികയില്‍ അരുണ്‍കുമാര്‍ സിഹ്നക്കായിരുന്നു ആദ്യ പരിഗണന. എന്നാല്‍ കേരളത്തിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. പിന്നീട് രണ്ടാമത് പുറത്തിറക്കിയ ചുരുക്കപ്പട്ടികയില്‍ നിന്ന് അനില്‍കാന്തിനെ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ബി സന്ധ്യക്ക് നറുക്ക് വീഴാന്‍ സാധ്യത യുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ് സര്‍ക്കാരിന്റെ കാലത്തെ ജിഷ കേസ് അന്വേഷണ ശേഷം സന്ധ്യക്ക് മികച്ച ചുമതലകളൊന്നും നല്‍കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലായിരുന്നു. സുദേഷ് കുമാറിന്റെ മകള്‍ പോലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ് നിലനില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്.
നേരത്തെ, ടോമിന്‍ ജെ തച്ചങ്കരിയും സര്‍ക്കാരിന് ഏറെ താല്‍പര്യമുള്ള ഓഫിസറായിരുന്നു. എന്നാല്‍ തച്ചങ്കരിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍, അദ്ദേഹത്തെ നേരത്തെ തന്നെ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.
ഈ വര്‍ഷം ഡിസംബര്‍ വരെയാണ് അനില്‍കാന്തിന്റെ കാലാവധിയെങ്കിലും അദ്ദേഹത്തിന് കാലാവധി നീട്ടിനല്‍കാന്‍ സാധ്യതയുണ്ട്.