തിരുവനന്തപുരം: പ്രൈമറി ക്ലാസുകളില്‍ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്ക്കുക. ആറ് മുതല്‍ 10 വരെ 220 പ്രവൃത്തി ദിനങ്ങള്‍ ആയി തുടരും. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കെഎസ്ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകള്‍ ഇതിനെ എതിര്‍ത്തു.
ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കലണ്ടറിനെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി കാര്യങ്ങള്‍ നടപ്പാക്കുകയാണെന്ന് കെഎസ്ടിയുവിന്റെ ആരോപണം. ഈ അധ്യയന വര്‍ഷം തീരുന്ന 2025 മാര്‍ച്ച് വരെയുള്ള 30 ശനിയാഴ്ചകളില്‍ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്.
പുതിയ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ആറു ശനിയാഴ്ചകളില്‍ അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്. എന്നാല്‍, ഈ ദിവസങ്ങളില്‍ കുട്ടികളെ ആരു പഠിപ്പിക്കുമെന്നതിലും വ്യക്തതയില്ലെന്ന് അധ്യാപകര്‍ പറയുന്നു. അതേസമയം, 220 അധ്യയന ദിവസങ്ങള്‍ നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കേണ്ടി വന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കുന്ന വിശദീകരണം.