മസ്‌കത്ത്: ഒമാനില്‍ കടലില്‍ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തിയിട്ടില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. എട്ട് ദിവസം മുമ്പ് കാണാതായ രണ്ട് സ്വദേശി യുവാക്കള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാല്‍ സമാനമായ തരത്തില്‍ 2019ല്‍ നടന്ന ഒരു സംഭവത്തിന്റെ വാര്‍ത്തകളാണ് പുതിയതെന്ന പേരില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു.
ഒമാനിലെ സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച രണ്ട് സ്വദേശി യുവാക്കളെ കാണാതായതെന്ന് നേരത്തെ റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചിരുന്നു. ഒരു മത്സ്യബന്ധന ബോട്ടില്‍ ഇരുവരും കടലില്‍ പോയതായാണ് സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പോലിസ് കമാന്റില്‍ ലഭിച്ച റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവര്‍ക്കായി വ്യാപകമായ തെരച്ചില്‍ നടത്തുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരുന്നു. പൊലീസ് ഏവിയേഷന്‍, കോസ്റ്റ് ഗാര്‍ഡ് പോലിസ് എന്നിവയ്!ക്ക് പുറമെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്!സും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിയും ഒരുകൂട്ടം സ്വദേശികളും തെരച്ചിലിനായി രംഗത്തുണ്ട്.
കടലില്‍ പോകുന്നവര്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് റോയല്‍ ഒമാന്‍ പോലിസ് അഭ്യര്‍ത്ഥിച്ചു. മത്സ്യബന്ധനത്തിന് പോകുന്നവര്‍ സംഘങ്ങളായി പോകാന്‍ ശ്രദ്ധിക്കുകയും ആശയവിനിമയം നടത്തുകയും വേണം. ഒപ്പം പോകുന്ന സ്ഥലങ്ങളിലെ ആളുകളെ അറിയിക്കണമെന്നും പോലിസ് നിര്‍ദേശം നല്‍കി.