യോഗ നാച്യുറോപ്പതി റിസര്‍ച്ച് സെന്റര്‍: ആറ് മാസത്തിനകം നിര്‍മ്മാണം ആരംഭിക്കും
രണ്ട് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായി ഗവേഷണ കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി എംപിക്ക് ഉറപ്പു നല്‍കി.
കാസര്‍കോട്: ജില്ലയിലെ കരിന്തളം വില്ലേജില്‍ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച യോഗ നാച്യുറോപ്പതി റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആറ് മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് യശോ നായിക് കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ക്ക് ഉറപ്പു നല്‍കി. ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് ധനവിഹിതം ലഭിച്ചാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയും രണ്ട് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായി ഗവേഷണ കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി എംപിക്ക് ഉറപ്പു നല്‍കി.
കരിന്തളം വില്ലേജില്‍ ഇതിനായി പതിനഞ്ച് ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. 2019 ഫെബ്രുവരി മൂന്നാം തിയ്യതി തറക്കല്ലിട്ട ഗവേഷണ കേന്ദ്രത്തിന് 90 കോടി രൂപ നീക്കി വെച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷവും യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിക്കാത്ത സാഹചര്യത്തിലാണ് എംപി മന്ത്രിയെ കണ്ട് ഈ ഉറപ്പ് നേടിയത് .