നോങ്പാം: യുവ ടേബിള്‍ ടെന്നീസ് താരം ഡി വിശ്വ (18) വാഹനാപകടത്തില്‍ മരിച്ചു.വിശ്വ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 83ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സഹതാരങ്ങള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടമെന്ന് ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചു.
ഗുവാഹത്തിയില്‍ നിന്ന് ഷില്ലോംഗിലേക്ക് യാത്രയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ വിശ്വത്തെ നോങ്പോ സിവില്‍ ആശുപത്രിയിലേക്ക് എത്തിക്കുംമുന്‍പേ മരണം സംഭവിക്കുകയായിരുന്നു. വിശ്വത്തിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.ടാക്സി ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.
തമിഴ്നാട് സ്വദേശിയാണ് വിശ്വ. ചെന്നൈ ലയോള കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. അണ്ണാനഗറിലെ കൃഷ്ണസ്വാമി ടിടി ക്ലബ്ബില്‍ പരിശീലനം നേടിയ വിശ്വ, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡെറാഡൂണില്‍ നടന്ന ദേശീയ റാങ്കിംഗ് ടൂര്‍ണമെന്റില്‍ യൂത്ത് അണ്ടര്‍ 19 ആണ്‍കുട്ടികളുടെ സിംഗിള്‍സ് കിരീടം നേടിയിരുന്നു.
നിരവധി ദേശീയ റാങ്കിംഗ് കിരീടങ്ങളും അന്താരാഷ്ട്ര മെഡലുകളുമുള്ള കളിക്കാരനാണ് വിശ്വ. ഏപ്രില്‍ 27 മുതല്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ നടക്കുന്ന ഡബ്ല്യുടിടി യൂത്ത് മത്സരാര്‍ഥിയായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഇരിക്കുകയായിരുന്നു.