ഡെപ്യൂട്ടി സ്പീക്കര്‍ പദവി ബിജെപി ജഗന്റെ പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തതായി റിപോര്‍ട്ട്
ബിജെപി എംപിയും വക്താവുമായ ജി വി എല്‍ നരസിംഹ റാവു ഇന്നലെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയില്‍ വാഗ്ദാനം മുന്നോട്ടുവച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയവാഡ: ശിവസേന സമ്മര്‍ദങ്ങള്‍ക്കിടെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബിജെപി വാഗ്ദാനം ചെയ്തതായി റിപോര്‍ട്ട്. ബിജെപി എംപിയും വക്താവുമായ ജി വി എല്‍ നരസിംഹ റാവു ഇന്നലെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയില്‍ വാഗ്ദാനം മുന്നോട്ടുവച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, ജഗന്‍ വാഗ്ദാനം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ജഗന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചില്‍ നാല് ഭൂരിപക്ഷം നേടിയുള്ള വന്‍വിജയത്തില്‍ ഭൂരിപക്ഷ വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ആ പശ്ചാത്തലത്തില്‍ ബിജെപി ഓഫര്‍ സ്വീകരിക്കുന്നതില്‍ തിടുക്കം വേണ്ടെന്ന നിലപാട് ജഗന്‍ സ്വീകരിച്ചിരിക്കുന്നത്.
നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ജഗന്‍ ജൂണ്‍ 15ന് ഡല്‍ഹിയിലെത്തുന്നുണ്ട്. ഈ വരവില്‍ പ്രധാനമന്ത്രി മോദിയെ ജഗന്‍ കാണാന്‍ സാധ്യതയുണ്ട്. അതിനോടകം തീരുമാനമുണ്ടാകും.
വൈഎസ്ആര്‍ കോണ്‍ഗ്രസിന് 22 എംപിമാരാണ് ലോക്‌സഭയിലുള്ളത്. ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുള്ള കക്ഷിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും തൃണമൂലും.