പ്ലാസ്റ്റിക്കിലും ചർമ്മത്തിലും ഒമിക്രോൺ മണിക്കൂറുകൾ നിലനിൽക്കും: പഠനം

ബയോ ആർസ്കിവിൽ അടുത്തിടെ പോസ്റ്റ് ചെയ്ത ഇതുവരെ പിയർ-റിവ്യൂ ചെയ്ത പഠനത്തിൽ, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്ക് വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം സമയം പ്ലാസ്റ്റിക്കിലും ചർമ്മത്തിലും ജീവിക്കാൻ കഴിയുമെന്ന് കണ്ടെത്തി.

Update: 2022-01-27 09:37 GMT

ടോക്കിയോ: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ചർമ്മത്തിൽ 21 മണിക്കൂറിലധികവും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലധികവും ജീവിക്കുമെന്ന് പഠനം. അതുകൊണ്ട് തന്നെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം വ്യാപിക്കുന്നതിന് കാരണമാകുമെന്നും പഠനം പറയുന്നു.

ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂനിവേഴ്‌സിറ്റി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ കൊറോണ വൈറസിന്റെ വുഹാൻ സ്‌ട്രെയിനും മറ്റു ആശങ്കയുടെ എല്ലാ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ വിശകലനം ചെയ്തു നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ബയോ ആർസ്കിവിൽ അടുത്തിടെ പോസ്റ്റ് ചെയ്ത ഇതുവരെ പിയർ-റിവ്യൂ ചെയ്ത പഠനത്തിൽ, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്ക് വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം സമയം പ്ലാസ്റ്റിക്കിലും ചർമ്മത്തിലും ജീവിക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഈ വകഭേദം സമ്പർക്കം മൂലമുള്ള രോഗവ്യാപനം ഗണ്യമായി ഉയർത്തുമെന്നും പഠനം നടത്തിയവർ പറഞ്ഞു. നിലവിലെ വകഭേദങ്ങളിൽ ഏറ്റവും ഉയർന്ന പാരിസ്ഥിതിക സ്ഥിരത ഒമിക്രോണിന് ഉണ്ടെന്ന് പഠനം കാണിച്ചു, ഡെൽറ്റ വകഭേദത്തെ മാറ്റി അതിവേഗം വ്യാപിക്കാൻ ഒമിക്രോണിന് കഴിഞ്ഞതിന് കാരണങ്ങളിൽ ഒന്ന് ഇതായിരിക്കാമെന്ന് അവർ പറഞ്ഞു.

പ്ലാസ്റ്റിക് പ്രതലങ്ങളിൽ, ഒറിജിനൽ സ്‌ട്രെയിൻ, ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളുടെ ശരാശരി അതിജീവന സമയം യഥാക്രമം 56 മണിക്കൂർ, 191.3 മണിക്കൂർ, 156.6 മണിക്കൂർ, 59.3 മണിക്കൂർ, 114 മണിക്കൂർ എന്നിങ്ങനെയാണ് എന്നാണ് പഠനം കാണിക്കുന്നത്. അതേസമയം ഒമിക്രോണിൽ ഇത് 193.5 മണിക്കൂറാണെന്നാണ് ഗവേഷകർ പറയുന്നത്.

സ്കിൻ സാംപിളുകളിൽ, ആദ്യ വേരിയന്റിന് 8.6 മണിക്കൂറും ആൽഫയ്ക്ക് 19.6 മണിക്കൂറും ബീറ്റയ്ക്ക് 19.1 മണിക്കൂറും ഡെൽറ്റയ്ക്ക് 16.8 മണിക്കൂറും ഒമിക്രോണിന് 21.1 മണിക്കൂറുമാണ് ശരാശരി അതിജീവന സമയമെന്ന് അവർ പറഞ്ഞു. ആൽഫ, ബീറ്റ വകഭേദങ്ങൾക്കിടയിൽ അതിജീവന സമയങ്ങളിൽ കാര്യമായ വ്യത്യാസമില്ല, അവയ്ക്ക് സമാനമായ പാരിസ്ഥിതിക സ്ഥിരതയായിരുന്നു, ഇത് മുൻ പഠനങ്ങളുടെ ഫലങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും ഗവേഷകർ പറയുന്നു.

അതേസമയം ഈ വകഭേദങ്ങൾ എല്ലാം തന്നെ എഥനോൾ ഉപയോഗിച്ചാൽ 15 സെക്കൻഡുകൾക്കുള്ളിൽ നിർജീവമാകുമെന്നും ഗവേഷകർ പറയുന്നു. അതുകൊണ്ട് തന്നെ ലോകാരോഗ്യ സംഘടന നിലവിൽ പറഞ്ഞിട്ടുള്ള സാനിറ്റൈസർ ഉപയോഗവും കൈ കഴുകലും പിന്തുണ്ടരുന്നത് വ്യാപനം തടയുന്നതിന് സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

Similar News