ആരോഗ്യം ജനങ്ങളുടെ അവകാശവും സമ്പാദ്യവുമാണ്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും, സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും ജനങ്ങള്‍ക്ക് സാധിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആണെന്നും കണ്‍സോര്‍ഷ്യം ഓഫ് അക്രെഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ ആറാമത് അന്തര്‍ദേശീയ സമ്മേളനം കാഹോകോണ്‍ - 2022ന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു

Update: 2022-04-02 13:37 GMT

കൊച്ചി: ആരോഗ്യം ജനങ്ങളുടെ അവകാശവും സമ്പാദ്യവുമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്‍സോര്‍ഷ്യം ഓഫ് അക്രെഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ ആറാമത് അന്തര്‍ദേശീയ സമ്മേളനം കാഹോകോണ്‍ - 2022ന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും, സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും ജനങ്ങള്‍ക്ക് സാധിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആണ്.

ആരോഗ്യം ജനങ്ങളുടെ അവകാശമായും ഏറ്റവും വലിയ സമ്പാദ്യമായും കാണുന്ന നമ്മുടെ രാജ്യത്ത് രോഗികളുടെ സുരക്ഷയും ആരോഗ്യ മേഖലയുടെ ഗുണ നിലവാരവും ഉറപ്പ് വരുത്താനായി വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളെയും സഹായിക്കുന്ന കാഹോ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വളരെ സ്തുത്യര്‍ഹമാണെന്നും ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ആരോഗ്യ പരിപാലന മേഖലയിലെ സ്ഥാപനങ്ങളുടെയും ഡയഗണോസ്റ്റിക് സെന്ററുകളുടെയും വ്യക്തികളുടെയും കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ അന്തര്‍ദേശീയ സമ്മേളനത്തിന് ആദ്യമായാണ് സംസ്ഥാനം വേദിയാകുന്നത്. ''ആരോഗ്യ മേഖലയില്‍ സുരക്ഷിതത്വത്തിന്റെ ആവശ്യകത'' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം ആരോഗ്യ വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.ചടങ്ങില്‍ കാഹോ പ്രസിഡന്റ് ഡോ.വിജയ് അഗര്‍വാള്‍, കിംസ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ.എം ഐ സഹദുള്ള , രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി സി എം ഐ, കാഹോ സെക്രട്ടറി ജനറല്‍ ഡോ. ലല്ലൂ ജോസഫ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് സി ഇ ഒ ഡോ. ബെന്നി ജോസഫ്, കിന്‍ഡര്‍ ആശുപത്രി സി ഇ ഒ രഞ്ജിത്ത് കൃഷ്ണന്‍ സംസാരിച്ചു.

Tags:    

Similar News