ഹോസ്‌പെക്‌സ് ഹെല്‍ത്ത് കെയര്‍ എക്‌സ്‌പൊയ്ക്ക് തുടക്കമായി
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദക്ഷിണ മേഖല നേതൃത്വ പരിശീലന പരിപാടിക്കും തുടക്കമായി. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി ഉദ്ഘാടനം ചെയ്തു
കൊച്ചി: മെഡിക്കല്‍ ഉപകരണങ്ങളുടെയും ആരോഗ്യ പരിരക്ഷ മേഖലയുടെയും പ്രദര്‍ശന മേളയായ ഹോസ്‌പെക്‌സ് എക്‌സ്‌പോയ്ക്ക് അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദക്ഷിണ മേഖല നേതൃത്വ പരിശീലന പരിപാടിക്കും തുടക്കമായി. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഉപകരണ രംഗത്തും ആരോഗ്യമേഖലയിലും കേരളത്തില്‍ ഏറെ തൊഴില്‍ സാധ്യതയുണ്ടെന്നും ഇത്തരം മേളകള്‍ കൂടുതല്‍ സംരംഭകരെ ആരോഗ്യമേഖലയിലേക്ക് ആകര്‍ഷിക്കാനും ആരോഗ്യ രംഗത്ത് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എ വി ബാബു, ഡോ. ഹേമ ഫ്രാന്‍സിസ്, ഡോ .ജെയിന്‍, ഐ എം എ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ഗോപി കുമാര്‍, ഐ എം എ ദേശീയ സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍, സംസ്ഥാന ജോ. സെക്രട്ടറി ഡോ. ജോയ് മഞ്ഞില, ഡോ . നിവിന്‍, ഡോ.അരുണ്‍ കൃഷ്ണ സംസാരിച്ചു.
ആശുപത്രികള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.. ആരോഗ്യ മേഖലയിലെ നൂതന ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍, പുതിയ ഉത്പന്നങ്ങള്‍ എന്നിവ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് സമ്മേളനം, സ്മാര്‍ട്ട് ഹോസ്പിറ്റല്‍ ശില്പശാല എന്നിവയും എക്‌സ്‌പോയുടെ ഭാഗമായി നടക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം നിര്‍മിച്ച മെയ്ഡ് ഇന്‍ ഇന്ത്യ മെഡിക്കല്‍ ഉത്പന്നങ്ങള്‍, വാണിജ്യ കൂടിക്കാഴ്ചകള്‍, സാങ്കേതിക സെഷനുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍ എന്നിവ അപ് ഗ്രേഡ് ചെയ്യുന്നതിനും പുതിയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുമുള്ള എല്ലാ സാങ്കേതിക സഹായങ്ങളും എക്‌സ്‌പോയില്‍ ലഭിക്കും. സ്മാര്‍ട്ട് ഹോസ്പിറ്റല്‍സ് കോണ്‍ഫറന്‍സില്‍ ചെറുകിട ആശുപത്രികളെ സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകളാക്കി ഉയര്‍ത്തുന്നതിനുള്ള ആശയങ്ങള്‍ ചര്‍ച്ച ചെയ്യും.