നാഡി പേശി രോഗങ്ങള്‍ക്കെതിരേ ആരോഗ്യമേഖല വിപുലമായ പ്രതിരോധ സംവിധാനം തീര്‍ക്കണം: ന്യൂറോളജി വിദഗ്ദ്ധര്‍.

കൊച്ചിയില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ സമാപന ദിവസം ന്യൂറോ ജനറ്റിക് പഠനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. വിവിധ സംസ്ഥാനത്തില്‍ നിന്നായി ന്യൂറോളജി വിദഗ്ദ്ധരും ശാസ്ത്രജ്ഞരും, പതിനഞ്ചിലധികം രാജ്യാന്തര വിദഗ്ദ്ധരും രാജ്യാന്തര ശാസ്ത്ര സംഘടനാ പ്രതിനിധികളും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.

Update: 2019-07-15 03:23 GMT

കൊച്ചി : നാഡി പേശി വ്യവസ്ഥകളെ ബാധിക്കുന്ന രോഗങ്ങളുടെ പ്രതിരോധത്തിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ടെന്ന് കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് രാജ്യാന്തര സമ്മേളനം 'മണ്‍സൂണ്‍ സമ്മിറ്റ്'വിലയിരുത്തി.കൊച്ചിയില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ സമാപന ദിവസം ന്യൂറോ ജനറ്റിക് പഠനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. ജനിതകാടിസ്ഥാനത്തിലുള്ള രോഗനിര്‍ണ്ണയ സാങ്കേതിക വിദ്യകള്‍ ന്യൂറോ രോഗങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ,കാലദൈര്‍ഘ്യവും കുറക്കുന്നതിനും വലിയൊരളവില്‍ കൃത്യത കൈവരിക്കുന്നതിലും സഹായകമായിട്ടുണ്ടെന്ന് ആസ്ത്രേലിയയിലെ ടി വൈ നെല്‍സണ്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോളജി, ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ന്യൂറോളജി വിദഗ്ദ്ധ ഡോ.ബിന്ദു ശങ്കരന്‍ പറഞ്ഞു.വൈദ്യശാസ്ത്രലോകത്ത് പുതിയ ന്യൂറോളജി ചികില്‍സ രീതികളാണ് ഉരുത്തിരിഞ്ഞു വരുന്നത്. വരും വര്‍ഷങ്ങളില്‍ തന്മാത്ര തലത്തിലുള്ള നൂതന ചികിത്സ സാങ്കേതിക വിദ്യകള്‍ക്ക് വന്‍ പ്രചാരം ലഭിക്കും, ഡോ.ബിന്ദു ശങ്കരന്‍ പറഞ്ഞു.

ദേശീയ തലത്തിലും സംസ്ഥാനത്തും ന്യൂറോളജി പ്രശ്നങ്ങള്‍ക്കായി ഏകീകൃത പ്രതിരോധ,നിര്‍ണ്ണയ, നിയന്ത്രണ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. വി ജി പ്രദീപ് കുമാര്‍ പറഞ്ഞു. നാഡീ പേശി രോഗങ്ങളായ അപസ്മാരം, ഓര്‍മ്മക്കുറവ്, പാര്‍ക്കിന്‍സണ്‍സ്, മറ്റു ചലന വൈകല്യങ്ങള്‍, ന്യൂറോ ജനിതക വൈകല്യങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ളിറോസിസ്, മസ്തിഷ്‌കാഘാതം എന്നിവ ബാധിച്ചവര്‍ ഇന്ത്യയില്‍ 3 കോടി വരുമെന്നാണ് കണക്കുകള്‍. ന്യൂറോളജി രോഗങ്ങള്‍ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന കെയര്‍ സെന്ററുകള്‍ ജില്ലാ തലത്തില്‍ ആവിഷ്‌കരിക്കണം. രോഗവിവര ശേഖരണത്തിനായി വീടുകളില്‍ സ്‌ക്രീനിങ്ങ് നടത്താനുള്ള നടപടികള്‍ക്കും സംഘടന ലക്ഷ്യമിടുന്നുണ്ടെന്ന് ഡോ. വി ജി പ്രദീപ് കുമാര്‍ പറഞ്ഞു.എല്ലാ രോഗികള്‍ക്കും ചികില്‍സ ലഭ്യമാക്കാന്‍ പൊതു സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്ന് അക്കദമിക് കണ്‍വീനര്‍ ഡോ കെ പി വിനയന്‍ അഭിപ്രായപ്പെട്ടു.അല്‍ഷിമേഴ്സ് രോഗം നേരത്തെ കണ്ടെത്തുന്നതിനും, ഫലപ്രദമായ ചികിത്സകള്‍ക്കുമായി ബയോ മാര്‍ക്കറുകളിലെ ഏറ്റവും വലിയ കണ്ടെത്തലുകളെക്കുറിച്ച് ഡോ. മാധവ് തമ്പിസെട്ടി വിശദീകരിച്ചു. കുട്ടികളിലെ വൈറ്റ് മാറ്റര്‍ സിസോഡര്‍ സംബന്ധിച്ച് പ്രൊഫ. സുക്കുബായ് നായിഡു മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംസ്ഥാനത്തില്‍ നിന്നായി ന്യൂറോളജി വിദഗ്ദ്ധരും ശാസ്ത്രജ്ഞരും, പതിനഞ്ചിലധികം രാജ്യാന്തര വിദഗ്ദ്ധരും രാജ്യാന്തര ശാസ്ത്ര സംഘടനാ പ്രതിനിധികളും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News