ലോക കൊതുകു ദിനം;കരുതിയിരിക്കാം ഈ അപകടകാരിയെ

Update: 2022-08-20 05:34 GMT

ഗസ്ത് 20,ലോക കൊതുക് ദിനം.1897 ആഗസ്ത് 20നാണ് മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്തിയത്. ഇന്ത്യയില്‍ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസാണ് ഈ കണ്ടെത്തല്‍ നടത്തിയത്. അദ്ദേഹത്തിന്റെ സ്മരണാക്കായാണ് അന്നേ ദിവസം ലോക കൊതുകു ദിനമായി ആചരിക്കുന്നത്.കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും രോഗപ്രതിരോധ ബോധവല്‍ക്കരണത്തിലൂടെ കൊതുകുവഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ പോരാടുവാന്‍ സജ്ജമാക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

മിക്കവരും കരുതുന്നതുപോലെ മൂളിപ്പാട്ടും പാടി വരുന്ന വെറും ശല്യക്കാര്‍ മാത്രമല്ല അവര്‍, മാരകമായ പല രോഗങ്ങളും പരത്തുന്നതിലും അവ സമര്‍ഥരാണ്.കൊതുകുകള്‍ രോഗാണുവാഹകരും രോഗം പരത്തുന്നവയുമാണ്.ഈ വര്‍ഷം ഇതുവരെ 2,657 പേരാണ് കൊതുകുജന്യരോഗങ്ങള്‍ ബാധിച്ച് സംസ്ഥാനത്ത് ചികില്‍സ തേടിയത്. 18 പേര്‍ മരിക്കുകയും ചെയ്തു.ഈ ഒരു സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങളും ലക്ഷണങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

1. ചിക്കുന്‍ ഗുനിയ

പണ്ട് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ആള്‍ക്കുരങ്ങിലും മറ്റ് സസ്തനികളിലും ഒതുങ്ങിനിന്നിരുന്നവയാണ് ചിക്കുന്‍ ഗുനിയ വൈറസുകള്‍. പിന്നീട് മനുഷ്യരിലേക്കു വ്യാപിക്കുകയായിരുന്നു.പ്രധാനമായും ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുക. ഇതേ വര്‍ഗത്തില്‍പ്പെട്ട അല്‍ബോപിക്റ്റസും വിറ്റേറ്റസും രോഗാണുവിനെ മറ്റൊരാളിലേക്കു പകര്‍ത്താന്‍ കഴിവുള്ള കൊതുകുകളാണ്. 1953ല്‍ ആഫ്രിക്കയിലെ ടാന്‍സാനിയയിലാണ് ചിക്കുന്‍ ഗുനിയക്കു കാരണമാകുന്ന സൂക്ഷ്മാണുവിനെ ആദ്യമായി കണ്ടെത്തിയത്.

രോഗബാധിതനായ വ്യക്തി പനിക്കൊപ്പം അസഹനീയമായ സന്ധിവേദനയും പേശീവേദനയും കാരണം നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ വളഞ്ഞുപോകാറുണ്ട്. ടാന്‍സാനിയയിലെ സ്വാഹിലിഭാഷയില്‍ ചിക്കുന്‍ ഗുനിയ എന്ന പദത്തിന്റെ അര്‍ഥം 'വളഞ്ഞിരിക്കുക' എന്നതാണ്.

ലക്ഷണങ്ങള്‍

സാധാരണ ജലദോഷപ്പനിയില്‍നിന്നു വ്യത്യസ്തമായി മൂക്കൊലിപ്പും തുമ്മലും കാണാറില്ല. ശക്തമായ സന്ധിവേദനകള്‍, പ്രത്യേകിച്ച് കൈകാല്‍വിരലുകളെ ബാധിക്കാറുണ്ട്. കൈയിലും കാലിലും നെഞ്ചത്തും കാണുന്ന ചുവന്ന പാടുകള്‍ ശ്രദ്ധേയമാണ്. ചിലരില്‍ പ്രകാശത്തിലേക്കു നോക്കുമ്പോള്‍ കണ്ണിന് വേദന ഉണ്ടാകാറുണ്ട്. പ്രായമേറിയവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും നവജാത ശിശുക്കളിലും ചിക്കുന്‍ ഗുനിയ ഗുരുതരമാകാറുണ്ട്. മിക്ക രോഗികളിലും സന്ധിവേദന ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍, സന്ധികള്‍ക്ക് പരിക്കുപറ്റിയവരിലും മറ്റേതെങ്കിലും തരത്തിലുള്ള സന്ധിവാതരോഗങ്ങള്‍ ഉള്ളവരിലും സന്ധികളുടെ വീക്കവും വേദനയും മാസങ്ങളോളം മാറാതിരിക്കും.

ലഘുവായ വ്യായാമങ്ങള്‍ക്കൊപ്പം ചിറ്റരത്ത, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, ചുക്ക്, ആവണക്ക് തുടങ്ങിയ ഔഷധികള്‍ അടങ്ങിയ മരുന്നുകള്‍ നല്ല ഫലം തരും.

2. ഡെങ്കിപ്പനി

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന മാരകമായ രോഗമാണ് ഡെങ്കിപ്പനി.രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകള്‍ ഏഴുദിവസങ്ങള്‍ക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള ശേഷി നേടുന്നു. ഒരിക്കല്‍ രോഗാണുവാഹകരായ കൊതുകുകള്‍ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ മറ്റുള്ളവരിലേക്ക് രോഗം നേരിട്ട് പരത്തുന്നു.

ലക്ഷണങ്ങള്‍

അതിശക്തമായ പേശീവേദന, കടുത്ത പനി, അസ്ഥികളെ നുറുക്കുന്ന വേദന തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. പനി ശക്തമാകുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് ഇടയാക്കും. വായ, മൂക്ക്, കുടല്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള രക്തസ്രാവം ഡെങ്കിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ചെറിയ പനിയും, ചുവന്ന പാടുകളും മാത്രമേ പലപ്പോഴും കുട്ടികളില്‍ കാണാറുള്ളു. രക്തസ്രാവത്തോടൊപ്പം മയക്കം, മരവിച്ച കൈകാലുകള്‍, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവ രോഗം സങ്കീര്‍ണമാകുന്നതിന്റെ ലക്ഷണങ്ങളാണ്.

മുന്തിരി, കരിങ്കൂവളം, നറുനീണ്ടി, നെല്ലിക്ക, പാച്ചോറ്റി, രാമച്ചം, ചിറ്റീന്തല്‍ തുടങ്ങിയ ഔഷധങ്ങള്‍ അടങ്ങിയ മരുന്നുകള്‍ക്ക് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തെ കൂട്ടാറുണ്ട്.

3.വെസ്റ്റ് നൈല്‍ ഫീവര്‍

വനാന്തരങ്ങളില്‍ വിഹരിച്ചിരുന്ന പക്ഷികളിലേക്ക് ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തിയിരുന്നത്. വനത്തില്‍ നായാട്ടിനു പോയവരിലേക്ക് ഈ വൈറസുകള്‍ കടക്കുകയായിരുന്നു. തലച്ചോറിനെ ബാധിക്കുന്നതിനാല്‍ മരണം വരം സംഭവിക്കാന്‍സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍

പനി, ചുവന്ന പാടുകള്‍, കണ്ണുവേദന, ഛര്‍ദി ഇവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍, കുട്ടികളിലും പ്രായമേറിയവരിലും രോഗം തലച്ചോറിനെ ബാധിക്കുന്നതിനാല്‍ പലപ്പോഴും മരണപ്പെടാറുണ്ട്.

4. ജപ്പാന്‍ജ്വരം

1924ല്‍ ജപ്പാനിലാണ് രോഗം ആദ്യമായി പടര്‍ന്നുപിടിച്ചത്.രോഗാണുക്കള്‍ തലച്ചോറിനെ ബാധിച്ച് അപസ്മാര ലക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാരകമായ കൊതുകുജന്യരോഗമാണിത്. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വളര്‍ത്തുമൃഗങ്ങളായ കന്നുകാലികള്‍, പന്നി, കൊക്ക് വര്‍ഗത്തില്‍പ്പെട്ട പക്ഷികള്‍, വവ്വാല്‍ തുടങ്ങിയവയില്‍ ജപ്പാന്‍ ജ്വരത്തിനു കാരണമാകുന്ന രോഗാണുക്കള്‍ ദീര്‍ഘനാള്‍ സജീവമായി കഴിയാറുണ്ട്. രോഗം തടയാന്‍ ശരിയായ രീതിയിലുള്ള ജന്തുപരിപാലനം അനിവാര്യമാണ്.

ലക്ഷണങ്ങള്‍

ശക്തമായ പനി, കുളിര്, അപസ്മാരം, ശ്വാസതടസ്സം, തലച്ചോറില്‍ നീര്‍ക്കെട്ട്, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ കാണുന്നു. 45 ശതമാനത്തിലധികം രോഗബാധിതര്‍ മരണപ്പെടാറുണ്ട്.

5. യെല്ലോ ഫീവര്‍

ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് യെല്ലോ ഫീവര്‍. 1900നു മുമ്പ് ഇതൊരു കൊതുകുജന്യ രോഗമാണെന്ന് കണ്ടുപിടിച്ചിരുന്നില്ല. കരളിനെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. പനിയെത്തുടര്‍ന്നുണ്ടാകുന്ന കടുത്ത മഞ്ഞപ്പിത്തത്തില്‍നിന്നാണ് പകര്‍ച്ചവ്യാധിക്ക് ഈ പേരുണ്ടായത്. ആഫ്രിക്കന്‍ കാടുകളില്‍ കുരങ്ങുകളില്‍ നിലനില്‍ക്കുന്ന വൈറസുകള്‍ ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു.

6. റിഫ്റ്റ് വാലി ഫീവര്‍

ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഈ രോഗം പ്രധാനമായും ബാധിക്കുന്നത് ആടുമാടുകളെയാണ്. ഇവയുമായി അടുത്ത് ഇടപഴകുമ്പോള്‍ രക്തത്തിലൂടെയും മറ്റു ശരീരഭാഗങ്ങളിലൂടെയും രോഗം മനുഷ്യരിലേക്കു പടരുന്നു. മഴക്കാലത്ത് രോഗം കൂടുതലായി പടരും. ആഫ്രിക്കയില്‍ ധാരാളമായി കണ്ടുവരുന്നു.

ലക്ഷണങ്ങള്‍

ശക്തമായ പനിക്കൊപ്പം ആന്തരിക രക്തസ്രാവവും കാണാറുണ്ട്. അപൂര്‍വമായി തലച്ചോറിനെയും ബാധിക്കുന്നു.

7. റോസ് റിവര്‍ വൈറസ്

ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു രോഗമാണിത്. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയ പകര്‍ച്ചവ്യാധി 1979 കളില്‍ പസഫിക് ദ്വീപസമൂഹത്തില്‍ എത്തിപ്പെട്ടു.

ലക്ഷണങ്ങള്‍

സന്ധികള്‍ക്ക് അനുഭവപ്പെടുന്ന ശക്തമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇത് വര്‍ഷങ്ങളോളം മാറാതെ നില്‍ക്കും.

8. സെന്റ് ലൂയിസ് എന്‍സഫലൈറ്റിസ്

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ് പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നു. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഈ രോഗം തലച്ചോറിനെയും നാഡികളെയും ബാധിച്ച് തളര്‍ച്ച, അപസ്മാരം, ഓര്‍മക്കുറവ് ഇവയ്ക്കിടയാക്കും. പ്രായമായവരില്‍ രോഗം സങ്കീര്‍ണമാകുന്നു. 1933ല്‍ ഈ രോഗം സെന്റ് ലൂയിസ് നഗരത്തില്‍ പടര്‍ന്നുപിടിച്ചിരുന്നു. 1942ലാണ് കൊതുകാണ് ഇതു പരത്തുന്നതെന്ന് കണ്ടെത്തിത്. രോഗബാധിതരായ കുട്ടികള്‍ ഏറെക്കാലം ബോധരഹിതരാകാറുണ്ട്. വൈകല്യങ്ങള്‍ ബാധിക്കുന്നവരും ഉണ്ട്.

9. മലമ്പനി

അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാല്‍ 714 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

ലക്ഷണങ്ങള്‍

ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടത് വിറയലായി മാറും. വിയര്‍പ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും.

Similar News