മോദിയുടേത് പ്രധാനമന്ത്രി പദത്തിന് നിരക്കാത്ത അസത്യപ്രചരണം: മുഖ്യമന്ത്രി

ബിജെപി പ്രചരണത്തിനെത്തിയ മോദി കേരളത്തെക്കുറിച്ചുന്നയിച്ച ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി അക്കമിട്ടു മറുപടി നൽകി.

Update: 2019-04-19 12:03 GMT

തിരുവനന്തപുരം: ദൈവനാമം ഉച്ചരിച്ചതിന്റെ പേരിൽ കേരളത്തിലെടുത്ത ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാമോ എന്ന് പ്രധാനമത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിസ്ഥാനത്തിനു നിരക്കാത്ത അസത്യപ്രചരണമാണ് നരേന്ദ്ര മോദിയിൽ നിന്നുണ്ടാവുന്നത്. ബിജെപി പ്രചരണത്തിന് കേരളത്തിലെത്തിയ മോദി കേരളത്തെക്കുറിച്ചുന്നയിച്ച ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി അക്കമിട്ടു മറുപടി നൽകി.

കേരളത്തിലുണ്ടായ ഒരു കേസും ദൈവനാമം ഉച്ചരിച്ചതിന്റെ പേരിലല്ല; അക്രമം നടത്തിയതിനാണ്. മതത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കു സംരക്ഷണം നൽകുന്ന രീതി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ട്. അത് കേരളത്തിൽ നടപ്പില്ല. ശബരിമല സന്നിധാനത്തിൽ പോലും കുഴപ്പമുണ്ടാക്കാൻ അക്രമികളുടെ ശ്രമം നടന്നു. പോലിസിനെ ആക്രമിച്ചു, ഭക്തജനങ്ങളെ ആക്രമിച്ചു. പോലിസ് അതീവ സംയമനം പുലർത്തിയതുകൊണ്ടുമാത്രം പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് സംഘപരിവാറാണെന്നു മോദിയെ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

പൂജാകർമങ്ങൾ ഇവിടെ അനുവദിക്കുന്നില്ല എന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. വിശ്വാസികൾക്ക് അതനുസരിച്ചുള്ള എല്ലാ ആചാരവിശ്വാസങ്ങളും നടത്താൻ കഴിയുന്നുണ്ട്. സംഘപരിവാർ ശക്തികളാണ് തങ്ങൾക്കിഷ്ടമില്ലാത്ത ആചാരം അനുഷ്ഠിക്കുന്നവരെ എതിർക്കാൻ ശ്രമിക്കുന്നത്. അത്തരം ശ്രമം വിജയിക്കാത്തതിലാവാം ബിജെപിക്ക് അസ്വസ്ഥത. സുപ്രീംകോടതിയുടെ വിധി നിയമം തന്നെയാണ്. അത് നടപ്പാക്കിയതിനെ പരോക്ഷമായി എതിർക്കുന്നവർ യഥാർത്ഥത്തിൽ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കുകയാണ്.

ലാവ്ലിൻ കേസിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിലും ഇതേ മനോഭാവമാണെന്നു പിണറായി ചൂണ്ടിക്കാട്ടി. കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത് ചെയ്യുന്നതാകട്ടെ റഫേൽ കേസിൽ ആരോപണവിധേയനായി നിൽക്കുന്ന വ്യക്തിയാണ് സുഹൃത്തായ അനിൽ അംബാനിയെ സഹായിക്കാൻ എല്ലാ നടപടിക്രമങ്ങളും കാറ്റിൽ പറത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട പ്രശ്നമാണ് സുപ്രീംകോടതിയുടെ മുൻപിലുള്ളത്. ഇത്തരം ആരോപണം നേരിടുന്ന പ്രധാനമന്ത്രിയാണ് കോടതിയാൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിലെ മന്ത്രിമാർ പലരും അഴിമതിയുടെ നിഴലിലാണെന്ന പ്രധാനമന്ത്രിയുടെആക്ഷേപം മന്ത്രിയായാൽ അഴിമതി നടത്തിയിരിക്കുമെന്ന ബിജെപി ഭരണത്തിലെ അനുഭവം വെച്ചാവണം. സംസ്ഥാന മന്ത്രിസഭയിലെ ആർക്കെതിരെയും അഴിമതി ആരോപണം ഉയർന്നിട്ടില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ദേശീയ അംഗീകാരം കേരളത്തിനാണ്. സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ സർവെയിൽ കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് എന്ന് കണ്ടെത്തിയത് പ്രധാനമന്ത്രി ഓർക്കണം.

കേരളത്തിലുണ്ടായ പ്രളയത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദി എന്ന് പറയുന്ന പ്രധാനമന്ത്രി കേന്ദ്ര ജല കമ്മീഷൻ തന്നെ, അസാധാരണമായി ഉണ്ടായ പെരുമഴയാണ് പ്രളയത്തിനു കാരണമായത് എന്ന് വിലയിരുത്തിയത് അറിയാത്ത വ്യക്തി യാണോയെന്നും പിണറായി ചോദിച്ചു.

കേരളം നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളിൽ ഒന്നാംസ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ സൂചികകകളിൽ കേരളം ഒന്നാമതാണ്. രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി യാഥാർത്ഥ്യങ്ങളെ മനഃപൂർവ്വം മറച്ചുവെയ്ക്കുന്നു. എന്നിട്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നു. ഇത് അദ്ദേഹം വഹിക്കുന്ന പദവിക്കു ചേർന്നതല്ല -മുഖ്യമന്ത്രി വിശദമാക്കി.

Tags:    

Similar News