പരസ്യത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുധാകരന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ വീഡിയോ കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു

Update: 2019-04-21 14:24 GMT

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വീഡിയോയില്‍ ചട്ടംലംഘിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനു യുഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കെ സുധാകരനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കി. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ വീഡിയോ കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ ഉദ്ദേശിച്ചുള്ള പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പരസ്യത്തിലെ പ്രയോഗം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചതായും കമ്മീഷന്‍ നിരീക്ഷിച്ചു. തുടര്‍ന്ന് താക്കീത് നല്‍കിയ കമ്മീഷന്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദേശിച്ചു. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.



Tags:    

Similar News