പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് നിര്‍ദേശമെന്ന് വെളിപ്പെടുത്തല്‍
മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനും അനുകൂലമായ നിലപാടുമെടുക്കണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുമായി സഹകരിക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്.
ആലപ്പുഴ: പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ബിജെപിക്കും മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനും അനുകൂലമായ നിലപാടുമെടുക്കണമെന്ന് എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശിച്ചതായി വെളിപ്പെടുത്തല്‍. മാവേലിക്കര എന്‍എസ്എസ് താലൂക്ക് യൂനിയന്‍ മുന്‍ പ്രസിഡന്റ് അഡ്വ.ടി കെ പ്രസാദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് എന്‍എസ്എസ് കരയോഗങ്ങള്‍ക്ക് ചങ്ങനാശേരിയില്‍ നിന്നും വാക്കാല്‍ നല്‍കിയ നിര്‍ദേശമെന്നും ഇദ്ദേഹം പറയുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഒരുതരത്തിലും പിന്തുണക്കരുതെന്നും അവരുമായി ബന്ധം പുലര്‍ത്തരുതെന്നും നിര്‍ദേശിച്ചു. ഇതിനിടയിലാണ് ചിറ്റയം ഗോപകുമാര്‍ വോട്ടഭ്യര്‍ഥിച്ച് ഓഫീസിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പ്രസാദ് പറഞ്ഞു. മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചതിന് മാവേലിക്കര താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ട് അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയിരുന്നു. ഇതിന് പിന്നാലെ യൂനിയന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷമാണ് ടി കെ പ്രസാദിന്റെ വെളിപ്പെടുത്തല്‍.