നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെ വീഴ്ത്തി മാലദ്വീപ് സാഫ് കപ്പ് ജേതാക്കള്‍
ധക്ക: 2015ലെ സാഫ് കപ്പ് കിരീടം നിലനിര്‍ത്താമെന്ന മോഹത്തില്‍ താരതമ്യേന ദുര്‍ബലരായ മാലദ്വീപിനെതിരേ ഇറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫൈനലില്‍ യുവ ഇന്ത്യയെ 2-1ന് മാലദ്വീപ് അട്ടിമറിക്കുകയായിരുന്നു.
19ാം മിനിറ്റില്‍ ഇബ്രാഹീം മഹ്ദി ഹുസൈനും 66ാം മിനിറ്റില്‍ അലി ഫാസിറുമാണ് ഇന്ത്യന്‍ പ്രതിരോധത്തിനും പ്രതീക്ഷയ്ക്കും വിള്ളല്‍ വീഴ്ത്തി ഗോള്‍ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമില്‍ സുമിത് പാസിയാണ് ഇന്ത്യയുടെ ഏക ഗോള്‍ നേടിയത്.
2008നു ശേഷം മാലദ്വീപിന്റെ ആദ്യ സാഫ് കപ്പ് കിരീടമാണിത്. എട്ടാമത്തെ കിരീടം ലക്ഷ്യമിട്ടിറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന കളിയാണ് മാലദ്വീപ് കാഴ്ചവച്ചത്. നേരത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ മാലദ്വീപിനെ 2-0ന് തോല്‍പിച്ച ഇന്ത്യ ജയമുറപ്പിച്ചാണ് കളത്തിലിറങ്ങിയത്. മല്‍സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ പാഴാക്കിയതും ഇന്ത്യക്കു വിനയായി.
ഹസന്‍ നയാസ് ബോക്‌സിന് മധ്യത്തിലേക്ക് നല്‍കിയ പാസ് സ്വന്തമാക്കിയാണ് ഇബ്രാഹീം മഹ്ദി ഹുസൈന്‍ ടീമിന്റെ ആദ്യഗോള്‍ നേടിയത്. മല്‍സരം ഇടവേളയ്ക്ക് പിരിയുമ്പോള്‍ മാലദ്വീപ് 1-0ന് മുന്നില്‍. തുടര്‍ന്ന് 67ാം മിനുറ്റില്‍ ഹംസാത്ത് മുഹമ്മദിന്റെ പാസ് സ്വീകരിച്ച അലി ഫാസിര്‍ മാലദ്വീപിന്റെ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു. അമിത ഗോളാഘോഷത്തിന് മാലദ്വീപിന്റെ അലി ഫാസിറിനെതിരെ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു.
ഇന്ത്യയുടെ പ്രതിരോധത്തിലെ പിഴവാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. അതോടെ അനിരുദ്ധ് താപ്പക്കു പകരം ഹിതേഷ് ശര്‍മയെ ഇന്ത്യ ഇറക്കി ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇഞ്ച്വറി ടൈമില്‍ സുമിത് പാസ്സി ഇന്ത്യക്കായി ഗോള്‍ നേടിയെങ്കിലും ഇന്ത്യ വൈകിപ്പോയിരുന്നു.