പത്താംക്ലാസ്സുകാരി ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 25 വര്‍ഷം കഠിന തടവ്
വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജു(23)വിനെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നടത്തി ദലിത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. അമ്പതിനായിരം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജു (23)വിനെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണം.
2017-18 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴ്കാരിയായ പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ഇട്ട് വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് പ്രോസിക്യുഷന്‍ കേസ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജില്‍ കൊണ്ട് പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇരയായ കുട്ടി വഴങ്ങാത്തതിനാല്‍ പ്രതി മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ സ്വര്‍ണ്ണ ഏലസും പണവും വരെ പ്രതി കൈക്കലാക്കി. ഈ ഏലസ് പ്രതി ചാലയിലുള്ള സ്വര്‍ണ്ണ കടയില്‍ വിറ്റു. പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താന്‍ ചതിക്കപ്പെട്ടുയെന്ന് കുട്ടി അറിയുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട്ട് എസി യായിരുന്ന ജെകെ ദിനില്‍, സിഐ അജി ചന്ദ്രന്‍ നായര്‍ എന്നിവരാണ് കുറ്റപത്രം ഫയല്‍ ചെയ്തത്.