നെടുമങ്ങാട് സൂര്യഗായത്രിയുടെ കൊല; വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെന്ന് മാതാപിതാക്കള്‍

അരുണ്‍ മോഷണ കേസിലെ പ്രതിയാണെന്നറിഞ്ഞാണ് വിവാഹ ആലോചന നിരസിച്ചത്. ഒരിക്കല്‍ അരുണ്‍ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി മകളുടെ മാലയും മൊബൈലും തട്ടിയെടുത്തിരുന്നു. അന്ന് പോലിസില്‍ പരാതി നല്‍കിയതനുസരിച്ച് ആര്യനാട് എസ്.ഐ അരുണിനെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു

Update: 2021-08-31 07:52 GMT

തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിഷേധിച്ചതാണ് മകളെ അരുണ്‍ കൊലപ്പെടുത്താന്‍ കാരണമെന്ന് നെടുമങ്ങാട് കുത്തേറ്റ് കൊല്ലപ്പെട്ട യുവതിയുടെ അമ്മ വത്സല. അരുണ്‍ മോഷണകേസിലെ പ്രതിയാണെന്നറിഞ്ഞാണ് വിവാഹ ആലോചന നിരസിച്ചത്. ഒരിക്കല്‍ പ്രതി അരുണ്‍ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തുകയും മകളുടെ മാലയും മൊബൈലും തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. അന്ന് പോലിസില്‍ പരാതി നല്‍കിയതാണ്. ആര്യനാട് എസ്.ഐ അരുണിനെ താക്കീത് നല്‍കി വിട്ടയച്ചതാണ്. ആ സംഭവം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. ഈ നാല് വര്‍ഷത്തില്‍ ഇയ്യാളെ കൊണ്ട് യാതൊരു ഉപദ്രവും ഉണ്ടായിരുന്നില്ല. ഇന്ന് ഓര്‍ക്കാപ്പുറത്താണ് അരുണ്‍ പിന്നാലെ വന്നത് വത്സല പറയുന്നു.

സമീപ ഭാവിയിലൊന്നും ഈ കുട്ടിയോ ഇവരുടെ കുടുംബമോ അരുണിനെതിരെ പരാതിയുമായി സമീപിച്ചിരുന്നില്ലെന്ന് പോലിസും പറയുന്നു. നാല് വര്‍ഷം മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും മൊബൈലും മാലയും തട്ടിയെടുക്കുകയും ചെയ്തു. അന്ന് വിഷയത്തില്‍ പോലിസ് ഇടപെടുകയും അരുണിനെ താക്കീത് ചെയ്യുകയും ചെയ്തു. അരുണുമായുള്ള പ്രശ്‌നങ്ങള്‍ പോലിസ് ഒത്തുതീര്‍പ്പാക്കിയ ശേഷം കൊല്ലത്തുള്ള യുവാവുമായി സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി അകന്ന് സൂര്യഗായത്രി നെടുമങ്ങാട്ടെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

അരുണിന്റെ ആക്രമണത്തില്‍ 15 തവണ കുത്തേറ്റ സൂര്യഗായത്രിയെ ഗുരുതരാവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. സംഘര്‍ഷത്തില്‍ പ്രതി അരുണിനും സൂര്യഗായത്രിയുടെ അമ്മ വത്സലയ്ക്കും കുത്തേറ്റിരുന്നു. വത്സലയെ ഇന്ന് പുലര്‍ച്ചയോടെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. സംഭവത്തില്‍ മറ്റു ദുരൂഹതകളില്ലെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി മധു പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്താണെന്ന് പോലിസ് പരിശോധിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ കോള്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കുമെന്നാണ് പോലിസ് നല്‍കുന്ന സൂചന.

Tags:    

Similar News