ശാന്തപുരം അല്‍ജാമിഅക്ക് ഇനി അഗ്രി പ്ലാന്റ്
പ്ലാന്റിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.
പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ ജാമിഅയുടെ കാര്‍ഷിക പദ്ധതികളുടെ ഭാഗമായി തയ്യാറാക്കിയ നഴ്‌സറി പ്ലാന്റിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. കാര്‍ഷിക പദ്ധതികളിലൂടെ നാടിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ട് വലിയ സന്ദേശമാണ് അല്‍ ജാമിഅയെപ്പോലുളള വിജ്ഞാന കേന്ദ്രങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക രംഗത്തെ നഷ്ടപ്പെട്ടുപോയ മൂല്യബോധങ്ങള്‍ തിരിച്ചു പിടിച്ചുകൊണ്ട് ഭക്ഷ്യയോഗ്യവും ഗുണമേന്മയുള്ളതുമായ വിഭവങ്ങള്‍ ഉല്‍പാദിപ്പിച്ചു കൊണ്ട് അല്‍ ജാമിഅ ഒരു കാര്‍ഷിക വിപ്ലവത്തിന് തന്നെ നേതൃത്വം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പരിപാടിയില്‍ അല്‍ ജാമിഅ റെക്ടര്‍ ഡോ: അബ്ദുസലാം അഹ്മദ് അധ്യക്ഷത വഹിച്ചു. വിജ്ഞാന നവോത്ഥാന വഴികളില്‍ മഹത്തായ പാരമ്പര്യമുള്ള അല്‍ ജാമിഅക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും സമ്പന്നമായ ഒരു ഭൂതകാലമുണ്ടെന്നും ആ പാരമ്പര്യങ്ങളുടെ തുടര്‍ച്ചയാണ് അല്‍ ജാമിഅ കാര്‍ഷിക പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
ഐഎംടി ട്രസ്റ്റ് ചെയര്‍മാന്‍ വി കെ അലി, കീഴാറ്റൂര്‍ കൃഷി വകുപ്പ് ഓഫിസര്‍ ബിജില എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. എ ടി ശറഫുദ്ദീന്‍ സ്വാഗതവും അഹമ്മദ് ഫസല്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് ഉല്‍പാദിപ്പിച്ച വിവിധ ഇനം ചെടികള്‍, ഫലവൃക്ഷ തൈകള്‍, തണല്‍ മരങ്ങള്‍ എന്നിവയാണ് നഴ്‌സറിയില്‍ തയ്യാറാക്കിയിട്ടുള്ളത്. സസ്യവര്‍ദ്ധന മാര്‍ഗങ്ങളിലൂടെ തൈകള്‍ ഉദ്പാദിപ്പിക്കാനുള്ള മദര്‍ പ്ലാന്റുകളും അല്‍ജാമിഅ കാമ്പസില്‍ സജ്ജമാക്കിയിട്ടുണ്ട്. കെ.കെ മമ്മുണ്ണി മൗലവി, ഡോ. കൂട്ടില്‍ മുഹമ്മദലി, എം.ടി മൊയ്തീന്‍ മൗലവി, എം.ടി കുഞ്ഞലവി, എ. ഫാറൂഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.