ഇരിട്ടി മുനിസിപ്പാലിറ്റിയിലെ അഴിമതി: എസ്ഡിപിഐ നഗരസഭയിലേക്ക് മാർച്ച് നടത്തി
നഗരസഭക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗം മണ്ഡലം ജോയിന്റ് സെക്രട്ടറി റാഷിദ് ആറളം ഉദ്ഘാടനം ചെയ്തു.
ഇരിട്ടി: ഇരിട്ടി നഗരസഭയിലെ വിജിലൻസ് പരിശോധനയിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തിയിട്ടും ഭരണ കക്ഷി അഴിമതിക്കാരെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ നഗരസഭയിലേക്ക് മാർച്ച് നടത്തി. ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നാട് ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് നഗരസഭ കാവടത്തിനു സമീപം ഇരിട്ടി സിഐ കെ ജെ ബിനോയിയുടെ നേതൃത്വത്തിൽ പോലിസ് തടഞ്ഞു. തുടർന്ന് നഗരസഭക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗം മണ്ഡലം ജോയിന്റ് സെക്രട്ടറി റാഷിദ് ആറളം ഉദ്ഘാടനം ചെയ്തു.
ഇരിട്ടി മുനിസിപ്പാലിറ്റി അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരം കയറിയിറങ്ങുന്ന ഗതികേടിലേക്ക് നഗരസഭയെ ഭരണ കക്ഷികൾ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ എസ്ഡിപിഐ ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് എം അഷ്റഫ് അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം സൗദ നസീർ, സത്താർ ചാലിൽ, എസ്ഡിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, ഇബ്രാഹിം പുന്നാട്, എം കെ സത്താർ എന്നിവര്‍ നേതൃത്വം നൽകി.