ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭ യാത്രക്ക് തുടക്കം

കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിന് ജില്ലയുടെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. എന്നാൽ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് ശ്വാശ്വത പരിഹാരം കാണാൻ കേരളം മാറി മാറി ഭരിച്ച ഇടത്-വലത് സർക്കാരുകൾ തയ്യാറായിട്ടില്ല.

Update: 2022-07-27 07:09 GMT

കോഴിക്കോട്: ഭരണകൂടം വർഷങ്ങളായി തുടരുന്ന കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനങ്ങൾക്കെതിരേ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്രക്ക് തുടക്കമായി. ജില്ല വൈസ് പ്രസിഡന്റ്‌ റഹീം ചേന്നമംഗല്ലൂർ അധ്യക്ഷത വഹിച്ച പ്രക്ഷോഭ യാത്ര ഉദ്ഘാടന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്‌ പി സി മുഹമ്മദ്‌ കുട്ടി, പ്രക്ഷോഭ യാത്ര ക്യാപ്റ്റൻ മുനീബ് എലങ്കമൽ, വൈസ് ക്യാപ്റ്റൻ തബ്ഷീറ സുഹൈൽ, വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം പ്രസിഡന്റ്‌ എം എ ഖയ്യൂം, മണ്ഡലം കൺവീനർ ഹസനു സ്വാലിഹ് എന്നിവർ സംസാരിച്ചു.

കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിന് ജില്ലയുടെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. എന്നാൽ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് ശ്വാശ്വത പരിഹാരം കാണാൻ കേരളം മാറി മാറി ഭരിച്ച ഇടത്-വലത് സർക്കാരുകൾ തയ്യാറായിട്ടില്ല. വിദ്യാർഥി സമൂഹത്തോട് തുടരുന്ന ഈ കടുത്ത അനീതിയെ ഇനിയും തുടരാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് അനുവദിക്കില്ല എന്ന് പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ്‌ പറഞ്ഞു. പ്ലസ് വൺ, ഡിഗ്രി മേഖലകളിലെ മുഴുവൻ പ്രതിസന്ധികളും പരിഹരിക്കുന്നത് വരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാർഥികൾക്ക് വേണ്ടി തെരുവിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ജില്ലയിൽ ആവശ്യമായ പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കുക, ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും ഹയർ സെക്കന്ററി ആയി ഉയർത്തുക, കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി വിഭജിക്കുക, മാവൂർ ഗ്വാളിയോർ റയോൺസ് സ്ഥലം ഏറ്റെടുത്ത് പുതിയ യൂനിവേഴ്സിറ്റി സ്ഥാപിക്കുക ബേപ്പൂർ, എലത്തൂർ മണ്ഡലങ്ങളിൽ പുതിയ ഗവ കോളജുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രക്ഷോഭയാത്ര നടക്കുന്നത്.

പ്രക്ഷോഭ യാത്ര രണ്ട് ദിവസങ്ങളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്വീകരണം ഏറ്റു വാങ്ങി നാളെ വൈകുന്നേരം കുറ്റ്യാടി ടൗണിൽ പൊതുസമ്മേളനത്തോട് കൂടി സമാപിക്കും. സമാപന സമ്മേളനത്തിൽ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്‌ നജ്ദ റൈഹാൻ, റസാഖ് പാലേരി അസ്‌ലം ചെറുവാടി എന്നിവർ പങ്കെടുക്കും.

Similar News