തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട്ടിൽ വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി

കൊവിഡ് പോസിറ്റീവായര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം സ്‌പെഷല്‍ പോളിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Update: 2020-12-06 11:56 GMT

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് ലേബല്‍ ക്രമീകരിക്കുന്ന കമ്മീഷനിങ് തുടങ്ങി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ കമ്മീഷനിങ്ങാണ് ശനിയാഴ്ച നടന്നത്.

കല്‍പ്പറ്റ നഗരസഭയിലെ കമ്മീഷനിങ് തിങ്കളാഴ്ച്ച രാവിലെ 10.30 മുതല്‍ കല്‍പ്പറ്റ എസ്ഡിഎംഎല്‍പി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെത് 9 മുതല്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌ക്കൂളിലും മാനന്തവാടി നാഗരസഭയുടേത് 10.30 മുതല്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും നടക്കും.

കൊവിഡ് പോസിറ്റീവായര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം സ്‌പെഷല്‍ പോളിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. വ്യക്തി സുരക്ഷാ കിറ്റ് ഉള്‍പ്പെടെ ധരിച്ചാണ് പ്രത്യേക പോളിങ് ഓഫീസര്‍മാരും പോളിങ് അസിസ്റ്റന്റുമാരും പോലിസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വീടുകളിലെത്തി തപാല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്.


Similar News