മാള സബ്ട്രഷറി അന്നമനടയിലേക്ക് മാറ്റാനുള്ള നീക്കം ഗൂഢാലോചനയെന്ന് സൗജന്യമായി സ്ഥലം നല്‍കിയ കുടുംബാംഗം
അന്നമനട ഗ്രാമപഞ്ചായത്ത് ഭരണപക്ഷം ഇടതുപക്ഷത്തിലെ ചില നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ പിന്നില്‍ രാഷ്ട്രിയ ലക്ഷ്യമുണ്ടെന്നും ഷാന്റി ജോസഫ് തട്ടകത്ത് പറഞ്ഞു.
മാള: മാള സബ്ട്രഷറി അന്നമനടയിലേക്ക് മാറ്റാനുള്ള നീക്കം രാഷ്ട്രിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സബ്ബ് ട്രഷറി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയ കുടുംബാംഗം ഷാന്റി ജോസഫ് തട്ടകത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിനായി അന്നമനട ഗ്രാമപഞ്ചായത്ത് ഭരണപക്ഷം ഇടതുപക്ഷത്തിലെ ചില നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ പിന്നില്‍ രാഷ്ട്രിയ ലക്ഷ്യമുണ്ടെന്നും ഷാന്റി ജോസഫ് തട്ടകത്ത് പറഞ്ഞു.
വരുന്ന പഞ്ചായത്ത്, നിയമസഭാ ഇലക്ഷനുകളില്‍ കുഴൂര്‍, പൊയ്യ, മാള പുത്തന്‍ചിറ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ എംഎല്‍എക്ക് എതിരാക്കുകയെന്ന ലക്ഷ്യവും ഇതിനു പുറകിലുണ്ട്.
ഇതില്‍ രാഷ്ട്രിയ ലാഭമുണ്ടാക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് തിരിച്ചറിയാതെ ചില ഇടതുപക്ഷ പാര്‍ട്ടികളും ഇതിന് കൂട്ടുനില്‍ക്കുന്നു.
2018 ലെ പ്രളയത്തിന് ശേഷം ഒക്ടോബറില്‍ പൊതുമരാമത്ത് വകുപ്പ് ട്രഷറി കെട്ടിടം പരിശോധന നടത്തിയിരുന്നെങ്കിലും അവരുടെ മേല്‍നോട്ടത്തിലല്ല പണി പൂര്‍ത്തികരിച്ചതെന്നതിനാലും കെട്ടിട നിര്‍മ്മാണത്തെ കുറിച്ചുള്ള ഒരു രേഖകളും പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഇല്ലാത്തതിനാലും നിര്‍മ്മാണ നിര്‍വ്വഹണം നിര്‍മ്മിച്ച ഏജന്‍സി വഴി പരിശോധിക്കാനും അറ്റകുറ്റപണികള്‍ തീര്‍ക്കാനുമാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ കെട്ടിട നിര്‍മ്മിച്ച ഇന്‍കലിനോടോ മേല്‍നോട്ടം വഹിച്ച ബിഎസ്എന്‍എല്‍ കെട്ടിട നിര്‍മ്മാണ വിഭാഗത്തിനോടോ ആവശ്യപ്പെടാതെ തദ്ദേശ സ്വയഭരണ വകുപ്പ് എഞ്ചിനിയറോട് റിപ്പോട്ട് ആവശ്യപ്പെടുകയും കെട്ടിടം അറ്റകുറ്റപണികള്‍ നടത്താന്‍ സാധ്യമല്ലയെന്ന് കണ്ണടച്ച് റിപ്പോര്‍ട്ട് എഴുതുകയാണ് തൃശൂര്‍ തദ്ദേശ സ്വയഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷാന്റി ജോസഫ് തട്ടകത്ത് ആരോപിച്ചു. ഇതിനെ സംബന്ധിച്ച് ധനമന്ത്രിക്കും ട്രഷറി ഡയറക്ടര്‍ക്കും പരാതി നല്‍കിയതിനു ശേഷമാണ് ബി എസ് എന്‍ എല്‍ നോട് പരിശോധിക്കാന്‍ നിര്‍മ്മാണ ഏജന്‍സിയായ ഇന്‍കല്‍ വഴി ആവശ്യപ്പെട്ടത്. ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറെ കൊണ്ട് പരിശോധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നെങ്കിലും അത് നടന്നിട്ടില്ല.
മാത്രമല്ല, വടമ സിവില്‍ സ്‌റ്റേഷനിലും സൗകര്യം ഉണ്ടെന്നിരിക്കെ അതിനെയെല്ലാം മറികടന്ന് സബ്ട്രഷറിയുടെ പ്രവര്‍ത്തന പരിധിയുടെ ഒരറ്റമായ അന്നമനടയിലേക്ക് തിരിച്ചെത്തിക്കുകയെന്ന രഹസ്യ അജണ്ട നടപ്പിലാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനു പുറകില്‍ രാഷ്ട്രിയ ലക്ഷ്യവുമുണ്ടെന്നും ഷാന്റി ജോസഫ് തട്ടകത്ത് പറഞ്ഞു.