മാള സബ്ട്രഷറി ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയതില്‍ പ്രതിഷേധം

ട്രഷറിയുടെ പ്രവര്‍ത്തനം ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് പെന്‍ഷനേഴ്സ് യൂണിയന്‍ രംഗത്തെത്തി.

Update: 2020-08-11 14:19 GMT

മാള: വെള്ളക്കെട്ട് ഭീതിയില്‍ മാള സബ് ട്രഷറിയുടെ പ്രവര്‍ത്തനം ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയതില്‍ ഇടപെട്ട് മാള ഗ്രാമപഞ്ചായത്ത്. ട്രഷറി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ഒരുക്കാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറാണെന്ന് ഗ്രാമപഞ്ചായത്ത് ജില്ലാ ട്രഷറി ഓഫീസറെ അറിയിച്ചു. ഗ്രാമപഞ്ചായത്ത് കെട്ടിടത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഇതിനായുള്ള സൗകര്യം ഒരുക്കാമെന്ന് പ്രസിഡന്റ് ശോഭ സുഭാഷ് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു. സാധ്യമെങ്കില്‍ വടമ സിവില്‍ സ്റ്റേഷനിലും സൗകര്യം ചെയ്തുനല്‍കാമെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി പറഞ്ഞു.


ട്രഷറിയുടെ പ്രവര്‍ത്തനം ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് പെന്‍ഷനേഴ്സ് യൂണിയന്‍ രംഗത്തെത്തി. കോവിഡ് കാലത്ത് പ്രായമായ പെന്‍ഷന്‍കാരെ ഇരിങ്ങാലക്കുട വരെ യാത്ര ചെയ്യിക്കുന്നത് അംഗീകരിക്കാവില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. മാളയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കാര്യമായി വെള്ളം കയറാതിരുന്നിട്ടും പ്രളയത്തിന്റെ പേര് പറഞ്ഞുകൊണ്ട് ജീവനക്കാരില്‍ ചിലര്‍ ട്രഷറി പ്രവര്‍ത്തനം മാറ്റണമെന്ന് ബന്ധപ്പെട്ട അധികൃതരോടാവശ്യപ്പെടുകയായിരുന്നു. ഏറെ കാലത്തെ കാത്തിരുപ്പിനും അനിശ്ചിതത്ത്വത്തിനുമൊടുവില്‍ മാളയില്‍ ട്രഷറി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ അതിനെതിരെയുള്ള ചരടുവലികള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള നീക്കമാണ് ഇപ്പോഴത്തേതെന്ന ആരോപണമാണ് പെന്‍ഷന്‍കാരിലും നാട്ടുകാരിലുമുള്ളത്.




Tags:    

Similar News