മലപ്പുറം ജില്ലയില്‍ ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ തുടരും: ജില്ലാ കലക്ടര്‍

നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും

Update: 2020-06-10 14:06 GMT

മലപ്പുറം: കൊവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഹോട്ടല്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ തുടങ്ങിയ ഭക്ഷണ ശാലകളില്‍ നിന്ന് ജുലൈ 15 വരെ ഭക്ഷണം പാര്‍സലായി മാത്രമെ നല്‍കാവൂ എന്ന് കലക്ടർ അറിയിച്ചു.

ഇത്തരം സ്ഥാപനങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതനുവദിക്കില്ല. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പോലിസ്, ആരോഗ്യം, ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ നിരീക്ഷിച്ച് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ഭക്ഷണ ശാലകള്‍ക്കുള്ള നിയന്ത്രണങ്ങള്‍

• ഹോട്ടല്‍, റസ്റ്റോറന്റുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍ തുടങ്ങിയ ഭക്ഷണ വിതരണ ശാലകളില്‍ ജുലൈ 15 വരെ പാര്‍സല്‍

  സര്‍വീസിനു മാത്രമാണ് അനുമതി.

• പാര്‍സല്‍ സര്‍വീസ് രാത്രി ഒമ്പത് മണിവരെയും ഹോം ഡെലിവറി രാത്രി 10 മണിവരെയും നടത്താവുന്നതാണ്.

• നിയമാനുസൃത ലൈസന്‍സുകളോ രേഖകളോ ഇല്ലാത്ത തട്ടുകടകള്‍ തുറക്കാനോ ഭക്ഷണം പാര്‍സലായി നല്‍കാനോ പാടില്ല.

• നിയമാനുസൃത തട്ടുകടകളില്‍ പാര്‍സല്‍ സര്‍വ്വീസ് നടത്താം. ഇതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി സാക്ഷ്യപത്രം

  അനുവദിക്കണം.

• നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും.

Similar News