സുല്ലമുസ്സലാം സയൻസ് കോളജിനു പുതിയ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ
സംസ്ഥാന തലത്തില്‍ ഐഇഡിസി യൂനിറ്റുകള്‍ ഉള്ള കോളജുകളില്‍ നിന്നും തിരഞ്ഞെടുത്ത കോളജുകൾക്ക് പ്രത്യേക ഇന്റര്‍വ്യൂ നടത്തിയ ശേഷമാണ് കോളജിനു ബിസിനസ് ഇന്‍ക്യുബേറ്റര്‍ പദവി നല്‍കിയത്.
അരീക്കോട്: സുല്ലമുസ്സലാം സയന്‍സ് കോളജിലെ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്‍ററിനെ (ഐഇഡിസി) ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ (ടിബിഐ) ആയി കേരള സ്റ്റാർട്ടപ്പ്മിഷൻ ഉയര്‍ത്തി. കഴിഞ്ഞ ദിവസം പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജിയിൽ നടന്ന ഐഇഡിസി സമ്മിറ്റിലാണ് സുല്ലമുസ്സലാം കോളജ് ടിബിഐ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന തലത്തില്‍ ഐഇഡിസി യൂനിറ്റുകള്‍ ഉള്ള കോളജുകളില്‍ നിന്നും തിരഞ്ഞെടുത്ത കോളജുകൾക്ക് പ്രത്യേക ഇന്റര്‍വ്യൂ നടത്തിയ ശേഷമാണ് കോളജിനു ബിസിനസ് ഇന്‍ക്യുബേറ്റര്‍ പദവി നല്‍കിയത്. പത്തു ലക്ഷം സ്റ്റാര്‍ട്ട്‌അപ് ഗ്രാന്റോടെ ടിബിഐ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജായി സുല്ലമുസ്സലാം സയന്‍സ് കോളജ് മാറി.
ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ യൂനിറ്റായി ഉയര്‍ത്തിയതോടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും മറ്റു സംരംഭകര്‍ക്കും പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാനും കമ്പനികള്‍ ആരംഭിക്കാനും സാധ്യമാകും. മലബാര്‍ മേഖലയിലുള്ള നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാവും.
വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വത്തിന് പ്രോൽസാഹനം നല്‍കുക എന്ന ലക്ഷ്യവുമായി കേരള സ്റ്റാര്‍ട്ട്‌അപ് മിഷന്‍ നടപ്പിലാക്കി വരുന്ന ഐഇഡിസി കഴിഞ്ഞ അഞ്ചുവർഷമായി കോളജിൽ പ്രവർത്തിക്കുന്നുണ്ട്. കോളജില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഇതിനകം തന്നെ ആറു കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്.