പള്‍സ് പോളിയോ: കണ്ണൂർ ജില്ലയില്‍ 143281 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

ആകെ ലക്ഷ്യമിട്ട 182160 കുട്ടികളില്‍ 79 ശതമാനം പേര്‍ക്കാണ് തുള്ളിമരുന്ന് നല്‍കാനായത്

Update: 2021-01-31 18:10 GMT

കണ്ണൂർ: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 143281 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. ആകെ ലക്ഷ്യമിട്ട 182160 കുട്ടികളില്‍ 79 ശതമാനം പേര്‍ക്കാണ് തുള്ളിമരുന്ന് നല്‍കാനായത്. ജില്ലയില്‍ 13 ഹെല്‍ത്ത് ബ്ലോക്കുകളിലായി 1903 ബൂത്തുകള്‍ തുള്ളിമരുന്നു വിതരണത്തിനായി സജ്ജമാക്കിയിരുന്നു.

യാത്രക്കാരുടെയും മറ്റും സൗകര്യം കണക്കിലെടുത്ത് ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ആളുകള്‍ എത്തിച്ചേരുന്ന മറ്റു പ്രധാന സ്ഥലങ്ങളിലും 63 ബൂത്തുകള്‍ കൂടി സജ്ജീകരിച്ചിരുന്നു. ഇതില്‍ കണ്ടൈയിന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലെ ബൂത്തുകളില്‍ ഇന്ന് തുള്ളിമരുന്ന് വിതരണം നടന്നില്ല.

ഇന്ന് തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ നാളെയും മറ്റന്നാളുമായി വീടുകള്‍തോറും സന്ദര്‍ശനം നടത്തും.

കണ്ടൈന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് അത് അവസാനിച്ച ഉടനെയും ക്വാറന്റൈനില്‍ കഴിയുന്നവരുള്ള വീടുകളിലുള്ള കുട്ടികള്‍ക് ക്വാറന്റൈന്‍ തീരുന്ന മുറക്കും കൊവിഡ് പോസിറ്റീവായവര്‍ താമസിക്കുന്ന വീടുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി 14 ദിവസത്തിന് ശേഷവും കൊവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവായി 28 ദിവസത്തിനു ശേഷവും തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പ്രീത എം അറിയിച്ചു.

Similar News