കണ്ണൂരില്‍ കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍

സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സംഭവമുണ്ടായത്

Update: 2022-01-05 05:27 GMT

കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍. കണ്ണൂര്‍ മാടായിപ്പാറയിലാണ് സംഭവം. പാറക്കുളത്തിനരികില്‍ കുഴിച്ചിട്ട സര്‍വേക്കല്ലാണ് പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സംഭവമുണ്ടായത്.

മാടായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനും മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനും ഇടയിലുള്ള അഞ്ച് കല്ലുകളാണ് എടുത്തുമാറ്റിയിരിക്കുന്നത്. സംഭവവുമായി ബന്ധമില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. തന്റെ ആഹ്വാനപ്രകാരമല്ല ഇത് നടന്നതെന്നും, കോണ്‍ഗ്രസ് മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയിലിനെതിരേ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണ് മാടായിപ്പാറ. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞിരുന്നു. പോലിസ് സഹായത്തോടെയായിരുന്നു സര്‍വേ പൂര്‍ത്തീകരിച്ചത്. സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും. കല്ല് പിഴുതു കളഞ്ഞത് ആരെന്നു വ്യക്തമല്ല.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.


Tags:    

Similar News