ബീയിങ് ​ഗുഡ് ആപ്പ് കോഴിക്കോട് കലക്ടർ നാടിനായ് സമർപ്പിച്ചു

മാപ്, നാവി​ഗേഷൻ,ഇൻസറ്റന്റ് മെസ്സേജിങ് തുടങ്ങിയ നൂതന സാധ്യതകളെ കോർത്തിണക്കിയാണ് ആപ്പിൻ്റെ പ്രവർത്തനം.

Update: 2021-08-27 14:19 GMT

കോഴിക്കോട്: ജനോപകാരം ലക്ഷ്യം വച്ച് അധ്യാപകനായ ശാഹുൽ ഹമീദ് നിർമിച്ച ബീയിങ് ​ഗുഡ് ആപ്പ് കോഴിക്കോട് കലക്ടർ നാടിനായ് സമർപ്പിച്ചു. അടിയന്തര ഘട്ടങ്ങളിൽ സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിച്ച് കൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും ദ്രുതഗതിയിൽ കാര്യനിർവഹണം സാധ്യമാക്കാനും ഉതകുന്നതായിരിക്കും അപ്ലിക്കേഷനെന്ന് ശാഹുൽ പറഞ്ഞു.

മാപ്, നാവി​ഗേഷൻ,ഇൻസറ്റന്റ് മെസ്സേജിങ് തുടങ്ങിയ നൂതന സാധ്യതകളെ കോർത്തിണക്കിയാണ് ആപ്പിൻ്റെ പ്രവർത്തനം. ദുരന്ത നിവാരണത്തിലും മഹാമാരിയിലും ഉൾപ്പെടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങളിൽ വരെ മുൻനിര പോരാളികളെയും, സന്നദ്ധപ്രവർത്തകരെയും, സഹായിക്കാൻ തയ്യാറുള്ള ഏതൊരാളെയും തമ്മിൽ അതിവേഗത്തിൽ എകോപിപ്പിക്കാൻ ഈ ആപിലെ സംവിധാനങ്ങൾ സഹായകമാകും.

അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ രക്തമാവശ്യമായലോ, വാഹന തകരാർ മൂലം വഴിയിൽ കുടുങ്ങിയാലോ വെള്ളപൊക്കം ഉരുൾപൊട്ടൽ, കടലാക്രമണം പോലുള്ള ദുരന്തങ്ങളിൽ ഒറ്റപ്പെട്ടാലോ, ഭക്ഷണം ആവശ്യമുള്ളവരെ ശ്രദ്ധയിൽ പെട്ടാലുമോക്കെ '​ഗെറ്റ് ഹെൽപ്പ്' എന്ന ഓപ്ഷൻ വഴി ജനങ്ങൾക്ക് സഹായം അഭ്യർത്ഥിക്കാം. തൽഫലമായി തൊട്ടടുത്ത 50 കിലോമീറ്റർ വരെയുള്ള ആപ്പ് ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷൻ പോവുകയും സാധ്യമാവുന്ന സഹായങ്ങൾ അവരിലേക്ക് എത്തിച്ചു നൽകാൻ കഴിയും.

ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത നമ്മളാൽ കഴിയുന്ന എന്തു സഹായവും ഈ ആപ്പിൽ അറിയിക്കാം എന്നതാണ്. ഒരാളുടെ കയ്യിൽ ഭക്ഷണമോ വസ്ത്രമോ മറ്റെന്ത് സഹായങ്ങൾ ഉണ്ടെങ്കിലും '​ഗിവ് ഹെൽപ്പ്' എന്ന ഹോം സ്ക്രീൻ ബട്ടനിലൂടെ മറ്റുള്ളവരെ അറിയിക്കാം . സഹായഭ്യർതനകൾ തീവ്രത അനുസരിച്ച് ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലും ലഭ്യമായ സഹായങ്ങൾ പച്ച നിറത്തിലും മാപിൽ പ്രത്യക്ഷപ്പെടും.

Similar News