മലപ്പുറം ജില്ലയില്‍ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
ചാലിയാര്‍, വാഴയൂര്‍, നന്നമ്പ്ര, തൃക്കലങ്ങോട്, ചേലേമ്പ്ര, കരുളായി, താനാളൂര്‍, പൊന്നാനി തുടങ്ങിയ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
മലപ്പുറം: കൊവിഡ് ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തന സജ്ജമായ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ പൊതുജനങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ ആരോഗ്യ സംരക്ഷണം കുറ്റമറ്റമായ രീതിയില്‍ ഉറപ്പാക്കാനാകും. രോഗപ്രതിരോധത്തിലൂടെ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ദ്രം മിഷന്‍ പൊതു സമൂഹം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. രോഗ പ്രതിരോധത്തിലൂന്നിയുള്ള ആരോഗ്യ സംരക്ഷണം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്ന ആര്‍ദ്രം മിഷന്റെ പ്രഖ്യാപിത ലക്ഷ്യം ജനങ്ങള്‍ നേരിട്ട് ഏറ്റെടുത്തതിന്റെ തെളിവാണ് കൊവിഡ് 19 പ്രതിരോധത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടം.
രോഗ വ്യാപനം വലിയതോതില്‍ വര്‍ധിച്ചിട്ടും മരണ നിരക്ക് ഉയരാതെ നോക്കാന്‍ ജനകീയ പ്രതിരോധത്തിലൂടെ സാധിച്ചു. നാടിന്റെ ഒറ്റക്കെട്ടായ പോരാട്ടമാണ് കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ വിജയം. പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞത് ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷയായി. ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായ ചാലിയാര്‍, വാഴയൂര്‍, നന്നമ്പ്ര, തൃക്കലങ്ങോട്, ചേലേമ്പ്ര, കരുളായി, താനാളൂര്‍, പൊന്നാനി തുടങ്ങിയ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.