വോട്ടര്‍പട്ടിക പുതുക്കല്‍; ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

Update: 2021-01-14 15:55 GMT
വൈക്കം: സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വൈക്കം താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.


അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും വോട്ടവകാശം ലഭ്യമാക്കുന്നതിന് ജാഗ്രത പുലര്‍ത്തണം. പരാതികളില്‍ വിശദാന്വേഷണം നടത്തണം. അന്തിമ വോട്ടര്‍പട്ടിക ജനുവരി 20-ന് പ്രസിദ്ധീകരിക്കും. പക്ഷേ, ഡിസംബര്‍ 31-നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അപേക്ഷ നല്‍കാം. ഇങ്ങനെ അപേക്ഷിക്കുന്നവരുടെ പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കും. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതയുള്ളവര്‍ എന്നിവരുടെ താലൂക്കുതല പട്ടിക തയ്യാറാക്കണം. ഇവര്‍ക്കും തിരഞ്ഞെടുപ്പുസമയത്ത് കോവിഡ് ചികിത്സയിലും ക്വാറന്റീനിലും കഴിയുന്നവര്‍ക്കും സ്പെഷ്യല്‍ തപാല്‍ ബാലറ്റ് ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈക്കം താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.അഞ്ജന അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി.മനോജ്, തഹസില്‍ദാര്‍ ബിനി ജ്യോതിസ് തുടങ്ങിയവര്‍ പങ്കെടുത്തു.




Similar News