ലഖ്‌നോ: കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ക്കു പുറമെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ബിഎസ്പി അധ്യക്ഷ മായാവതിയും. തിരഞ്ഞെടുപ്പ് കമ്മീഷനു ദലിതു വിരുദ്ധ മനോഭാവവമാണെന്നായിരുന്നു മായാവതിയുടെ വിമര്‍ശനം. ദലിതു വിരുദ്ധ മനോഭാവത്തോടെയാണ് കമ്മീഷന്‍ പെരുമാറുന്നത്. ഇതേ തുടര്‍ന്നാണു തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കമ്മീഷന്‍ വിലക്കേര്‍പെടുത്തിയത്. ദലിതുകള്‍ കൂടുതലുള്ള ആഗ്രയില്‍ പ്രചാരണം നടത്തുന്നതിനാണ് കമ്മീഷന്‍ 48 മണിക്കുര്‍ വിലക്കേര്‍പെടുത്തിയത്. ഇത് തികഞ്ഞ ദലിതു വിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നത്- മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടനീളം പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ബിജെപി നടപടികള്‍ കമ്മീഷന്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പട്ടാളക്കാരെ കുറിച്ചു പറഞ്ഞാണ് അവര്‍ വോട്ടു പിടിക്കുന്നത്. ഇതടക്കമുള്ള പെരുമാറ്റച്ചട്ടലംഘനമാണ് ബിജെപി തുടരുന്നതെന്നും മായാവതി വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രിക പുറത്തിറക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും ബിഎസ്പി അധ്യക്ഷ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാനാണ് ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ പ്രകടന പത്രിക പുറത്തിറക്കുന്നത്. ഇതിനാലാണ് പ്രകടന പത്രിക പുറത്തിറക്കില്ലെന്നു ബിഎസ്പി തീരുമാനിച്ചതെന്നും മായാവതി പറഞ്ഞു.