യുപിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 11 കെ വി ലൈന്‍ പൊട്ടിവീണു; യുവാവും രണ്ട് കുട്ടികളും മരിച്ചു
ലക്നൗ: ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് മൂന്ന് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് ദാരുണമായ സംഭവം. നഗരത്തിലെ സോന്‍ബര്‍സ മാര്‍ക്കറ്റ് പ്രദേശത്തായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവും രണ്ട് പെണ് കുട്ടികളുമാണ് മരിച്ചത്.
മാര്‍ക്കറ്റിന് സമീപം ചവറുകള്‍ കൂട്ടിയിട്ടിരുന്ന പ്രദേശത്തിന് അടുത്തെത്തിയപ്പോള്‍ 11 കെ.വി ലൈന്‍ ഇവര്‍ക്ക് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹൈ ടെന്‍ഷന്‍ ലൈന്‍ പൊട്ടിവീണ് നിമിഷങ്ങള്‍ക്കകം ബൈക്കിന് തീപിടിച്ചു. യുവാവിനെയും രണ്ട് കുട്ടികളെയും രക്ഷിക്കാനായില്ല. 24കാരനായ ശിവ് രാജ് നിഷാദ്, മകള്‍ ശിവ് മംഗല്‍ (4), ബന്ധുവായ കീര്‍ത്തി (13) എന്നിവരാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. മൂവരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈദ്യുതി ലൈനിലേക്ക് കുരങ്ങന് ചാടിയതാണ് ലൈന്‍ പൊട്ടാനും തുടര്‍ന്ന് ബൈക്കിന് മുകളിലേക്ക് വീഴാനും കാരണമെന്ന് വൈദ്യുതി വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഡി.കെ സിങ് പറഞ്ഞു. അപകടമുണ്ടായ ഉടന്‍ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.