കശ്മീരില്‍ മിനിബസ് മറിഞ്ഞ് 11 വിദ്യാര്‍ഥികള്‍ മരിച്ചു

അമിത വേഗതയാണ് അപകടകാരണമെന്ന് പോലിസ് പറഞ്ഞു

Update: 2019-06-27 14:46 GMT
ജമ്മു: ഷോപിയാനു സമീപം ഹിമാലയന്‍ താഴ്‌വാരത്ത് വിനോദയാത്രയ്ക്കു പോവുകയായിരുന്ന മിനി ബസ് മറിഞ്ഞ് 11 വിദ്യാര്‍ഥികള്‍ മരിച്ചു. മരണപ്പെട്ടവരില്‍ 9 പെണ്‍കുട്ടികളാണ്. അപകടത്തില്‍ ഏഴിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പലരുടെയും നില ഗുരുതരമാണെന്നും ഷോപിയാന്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉവൈസ് അഹ് മദ് പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. രജൗറിയില്‍ നിന്ന് ദക്ഷിണ കശ്മീരിലെ ഷോപിയാനിലേക്കു പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്ന് പോലിസ് പറഞ്ഞു. മുഗള്‍ റോഡിലുള്ള പിര്‍ കി ഗലി പര്‍വതനിരകള്‍ സന്ദര്‍ശിക്കാനെത്തിയ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കശ്മീര്‍ താഴ് വരയെ പൂഞ്ചും രജൗറിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് മുഗള്‍റോഡ്. കനത്ത മൂടല്‍ മഞ്ഞും മഞ്ഞുവീഴ്ചയും ഉണ്ടാവുന്നതിനെ തുടര്‍ന്ന് ശൈത്യകാലങ്ങളില്‍ റോഡ് അടച്ചിടുകയാണു പതിവ്. വന്‍ താഴ്ചയിലേക്കാണ് മിനി ബസ് മറിഞ്ഞത് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമെന്ന് പോലിസ് പറഞ്ഞു.



Tags:    

Similar News