മുംബൈയില്‍ കനത്ത മഴയും മണ്ണിടിച്ചിലും; മരണസംഖ്യ 20 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ചെമ്പൂരിലെ ഭരത് നഗറിലും വിക്രോളി മേഖലയിലുമാണ് മഴക്കെടുതി ദുരിതംവിതച്ചത് ചെമ്പൂരില്‍നിന്നും 15 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഇന്നലെ രാത്രി വൈകിയും ഇന്ന് പുലര്‍ച്ചെയുമായി മണിക്കൂറുകളോളം മഴയും കാറ്റും നാശംവിതച്ചു. നഗരത്തില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
വിക്രോളി പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെ ഗ്രൗണ്ട് പ്ലസ് വണ്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. ചെമ്പൂരിലെ ഭാരത് നഗര്‍ പ്രദേശത്തുനിന്ന് 15 പേരെയും വിക്രോളി സൂര്യനഗറില്‍നിന്ന് ഒമ്പത് പേരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന ഭയത്താല്‍ ഈ രണ്ട് മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ഉദ്ധവ് താക്കറെ അഞ്ചുലക്ഷം രൂപ നീതം ധനസഹായം പ്രഖ്യാപിച്ചു. ജീവന്‍ നഷ്ടപ്പെട്ടതില്‍ ദു:ഖിതനാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് ട്വിറ്ററില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകനായ സംസ്ഥാന പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ ചെമ്പൂരിലെ അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ യഥാക്രമം 204.07 മില്ലിമീറ്ററും പടിഞ്ഞാറന്‍ 195.48 മില്ലിമീറ്ററും മുംബൈയില്‍ 176.96 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്പൂര്‍, കുര്‍ള എല്‍ബിഎസ് റോഡ് എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായി. ബോറിവാലി ഈസ്റ്റ് ഏരിയയില്‍ വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒലിച്ചുപോവുന്നതായി വാര്‍ത്താ ഏജന്‍സിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ചു.
ഒറ്റരാത്രികൊണ്ട് പെയ്യുന്ന മഴയെത്തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ സാമ്പത്തിക തലസ്ഥാനത്തെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ദാദര്‍, പരേല്‍, മാതുങ്ക, കുര്‍ള, സിയോണ്‍, ഭണ്ഡപ്പ്, മറ്റ് സ്ഥലങ്ങളിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പ്രധാന പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ സിഎസ്എംടിക്കും താനേക്കുമിടയില്‍ നിര്‍ത്തിവച്ചതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. സെന്‍ട്രല്‍ റെയില്‍വേയിലെയും വെസ്‌റ്റേണ്‍ റെയില്‍വേയിലെയും നിരവധി ദീര്‍ഘദൂര ട്രെയിനുകളെ വെള്ളപ്പൊക്കം ബാധിച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.