രാജ്യത്ത് ആറുപേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച വൈറസ്; ആകെ രോഗബാധിതരുടെ എണ്ണം 100 കടന്നു

ഇതുവരെ 102 പേര്‍ക്കാണ് യുകെയില്‍ കണ്ടെത്തിയ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ചവരെ ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Update: 2021-01-13 12:59 GMT

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ കൊവിഡിന്റെ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് രാജ്യത്തെ ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നിരിക്കുകയാണ്. ഇതുവരെ 102 പേര്‍ക്കാണ് യുകെയില്‍ കണ്ടെത്തിയ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ചവരെ ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

എല്ലാവര്‍ക്കും അതത് സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചിരിക്കുന്ന പ്രത്യേകം മുറികളാണ് അനുവദിച്ചിരിക്കുന്നത്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക, ഇവരോടൊപ്പം സഞ്ചരിച്ച യാത്രക്കാര്‍, രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം വിവരം ശേഖരിച്ചുവരികയാണ്. അതിതീവ്ര വൈറസ് പടരുന്നത് തടയാന്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

മെച്ചപ്പെട്ട നിരീക്ഷണം, സംരക്ഷണം, പരിശോധന, സാംപിളുകള്‍ ലബോറട്ടറികളിലേക്ക് അയക്കല്‍ എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പതിവായി നിര്‍ദേശം നല്‍കിവരുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച വരെ രാജ്യത്ത് 96 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. യുകെയിലെ ജനിതക വകഭേദം വന്ന വൈറസ് ബാധ ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ആസ്‌ത്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, ജപ്പാന്‍, കാനഡ്, ലെബനന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

.

Tags:    

Similar News