മഹാരാഷ്ട്രയില്‍ 714 പോലിസുദ്യോഗസ്ഥര്‍ക്ക് കൊവിഡ്; അഞ്ചുമരണം, 648 പേര്‍ ചികില്‍സയില്‍
ലോക്ക് ഡൗണ്‍ കാലയളവില്‍ 194 ഓളം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി 689 പ്രതികളെ അറസ്റ്റുചെയ്തതായാണ് റിപോര്‍ട്ട്.
മുംബൈ: മഹാരാഷ്ട്രയില്‍ പോലിസ് സേനയില്‍ കൊവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്നുവെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് 714 പോലിസുദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി പോലിസ് തന്നെ പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവരില്‍ 648 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 61 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് അഞ്ചുപോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ലോക്ക് ഡൗണ്‍ കാലയളവില്‍ 194 ഓളം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി 689 പ്രതികളെ അറസ്റ്റുചെയ്തതായാണ് റിപോര്‍ട്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണവും രോഗബാധിതരും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച 1,089 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 19,000 കടന്നു. മരണസംഖ്യ 700 കടന്നു. മുംബൈയില്‍ മാത്രം 748 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. മഹാനഗരത്തിലെ കൊവിഡ് ബാധിതര്‍ 11,967 ആയി. 25 പേര്‍ കൂടി മരിച്ചു. മരണസംഖ്യ 462 ആയി ഉയര്‍ന്നു. ആശങ്കയുയര്‍ത്തുന്ന ധാരാവിയില്‍ വെള്ളിയാഴ്ച അഞ്ചുപേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യ 26 ആയി. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 98,774 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.
ഇതുവരെ 19,082 പേരെ അറസ്റ്റുചെയ്തു. ലോക്ക് ഡൗണ്‍ സമയത്ത് അടിയന്തരസേവനങ്ങള്‍ക്കായി ജോലിചെയ്യുന്നവര്‍ക്ക് പോലിസ് മൂന്നുലക്ഷത്തിലധികം പാസുകള്‍ നല്‍കിയിട്ടുണ്ടെന്നും കൊവിഡ് -19 നെതിരായ പോരാട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരുമായും പോലിസുമായും പൗരന്‍മാര്‍ സഹകരിക്കാണമെന്നും ദേശ്മുഖ് അഭ്യര്‍ഥിച്ചു. ഗതാഗതനിയമം ലംഘിച്ചതിന് 1,286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 55,148 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് മുതല്‍ വിവിധ കുറ്റങ്ങള്‍ക്ക് പോലിസ് 3.66 കോടി രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.