ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം; എട്ട് രോഗികള്‍ മരിച്ചു
അഹമ്മദാബാദ് നവരംഗ്പുരയിലെ സ്വകാര്യ കൊവിഡ് ചികില്‍സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ തീപ്പിടിത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തില്‍ മരിച്ചതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.
അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ എട്ടുരോഗികള്‍ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ സ്വകാര്യ കൊവിഡ് ചികില്‍സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ തീപ്പിടിത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തില്‍ മരിച്ചതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. അഞ്ച് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണ് മരണപ്പെട്ടത്. ചികില്‍സയില്‍ കഴിഞ്ഞിരുന്ന നാല്‍പതോളം രോഗികളെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
എട്ട് ഫയര്‍ എന്‍ജിനുകളും അഗ്‌നിശമനസേനയുടെ 10 ആംബുലന്‍സുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 50 കിടക്കകളുള്ള ആശുപത്രിയില്‍ 45 ഓളം രോഗികളാണുണ്ടായിരുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രോഗികളുടെ രക്ഷപ്പെടുത്തി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ചിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
എട്ട് രോഗികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. തീപ്പിടിത്തത്തിന് പിന്നാലെ ആശുപത്രിക്കു പുറത്ത് രോഗികളുടെ കുടുംബാംഗങ്ങള്‍ തടിച്ചുകൂടിയിരുന്നു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അഹമ്മദാബാദിലെ ദാരുണമായ സംഭവത്തില്‍ താന്‍ ദു:ഖിതനാണെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.