മുംബൈയിലെ വീട്ടില്‍നിന്ന് കൊക്കെയ്ന്‍ പിടിച്ചെടുത്തു; ബോളിവുഡ് താരം അര്‍മാന്‍ കോഹ്‌ലി അറസ്റ്റില്‍
നടന്റെ വീട്ടില്‍നിന്ന് പിടികൂടിയ കൊക്കെയ്ന്‍ തെക്കേ അമേരിക്കയില്‍നിന്ന് കൊണ്ടുവന്നതാണെന്നും കേസിന് അന്താരാഷ്ട്രബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായി എന്‍സിബിയുടെ മുംബൈ സോണല്‍ യൂനിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
മുംബൈ: ബോളിവുഡ് താരം അര്‍മാന്‍ കോഹ്‌ലി ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി. അര്‍മാന്‍ കോഹ്‌ലിയുടെ മുംബൈയിലെ വീട്ടില്‍ ഞായറാഴ്ച രാവിലെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ ചെറിയ അളവില്‍ നിരോധിത മയക്കമരുന്നായ കൊക്കെയ്ന്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. നടന്റെ വീട്ടില്‍നിന്ന് പിടികൂടിയ കൊക്കെയ്ന്‍ തെക്കേ അമേരിക്കയില്‍നിന്ന് കൊണ്ടുവന്നതാണെന്നും കേസിന് അന്താരാഷ്ട്രബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായി എന്‍സിബിയുടെ മുംബൈ സോണല്‍ യൂനിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കടത്തുകാരെ കണ്ടെത്താനും എന്‍സിബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കൊക്കെയ്ന്‍ മുംബൈയിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിച്ച വഴിയും ബന്ധങ്ങളും മറ്റ് കടത്തുകാരുടെ പങ്കാളിത്തവും സംഘം അന്വേഷിക്കുന്നുണ്ട്. ചോദ്യംചെയ്യലിനുശേഷം ഇന്ന് രാവിലെയാണ് അര്‍മാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസവും മുംബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നിരുന്നു. ടിവി താരം ഗൗരവ് ദീക്ഷിത്, കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ അജയ് രാജു സിങ് എന്നിവര്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞദിവസം പിടിയിലായത്.
അജയ് രാജു സിങ്ങിനെ ചോദ്യംചെയ്തതില്‍നിന്നാണ് അര്‍മാന്‍ കോഹ്‌ലിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്റെ അന്ധേരിയിലെ വീട്ടില്‍ എന്‍സിബി സംഘം റെയ്ഡ് നടത്തുകയും കൊക്കെയ്ന്‍ പിടിച്ചെടുക്കുകയുമായിരുന്നു. പിന്നാലെ അര്‍മാന്‍ കോഹ്‌ലിയെ സൗത്ത് മുംബൈയിലെ എന്‍സിബി ഓഫിസിലെത്തിച്ച് ചോദ്യംചെയ്തു. സല്‍മാന്‍ ഖാന്‍ നായകനായ 'പ്രേം രത്തന്‍ ധാന്‍ പായോ' ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ അര്‍മാന്‍ കോഹ്‌ലി അഭിനയിച്ചിട്ടുണ്ട്. ടിവി റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലെ മല്‍സരാര്‍ഥിയായിരുന്നു.