പ്രതിഷേധം ശക്തമായി; സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ വാട്‌സ് ആപ്പ് നീട്ടി

പുതിയ നയം പ്രാബല്യത്തില്‍ വരാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഫെബ്രുവരി എട്ടിന് ആരുടെയും അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും വാട്‌സ് ആപ്പ് അറിയിച്ചു.

Update: 2021-01-16 06:10 GMT

ന്യൂഡല്‍ഹി: പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് വാട്‌സ് ആപ്പ് മെയ് മാസം 15 വരെ നീട്ടിവച്ചു. പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉടന്‍ ഇത് നടപ്പാക്കേണ്ടതില്ലെന്ന വാട്‌സ് ആപ്പിന്റെ തീരുമാനം. സിഗ്‌നല്‍, ടെലഗ്രാം മുതലായ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ മാറിയത് വാട്‌സ് ആപ്പിന് കനത്ത തിരിച്ചടിയായി മാറി. ഇതോടെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടിയെടുക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. പുതിയ നയം പ്രാബല്യത്തില്‍ വരാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഫെബ്രുവരി എട്ടിന് ആരുടെയും അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും വാട്‌സ് ആപ്പ് അറിയിച്ചു.

പുതിയ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള ആശയക്കുഴപ്പവും തെറ്റായ വിവരങ്ങളുമാണ് സമയം നീട്ടിനല്‍കാനുള്ള പ്രധാന കാരണം. ബിസിനസ് വാട്‌സ് ആപ്പ് നിയന്ത്രിക്കാനുള്ള പുതിയ അപ്‌ഡേഷന്‍ മാത്രമാണിത്. ഫെയ്‌സ്ബുക്കിന് വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നില്ല. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്‌പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്‌സ് ആപ്പ് പറയുന്നു. ഫെയ്‌സ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ ആലോചിക്കുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. വിവരങ്ങള്‍ കൈമാറുമെന്ന വാട്‌സ് ആപ്പിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്‌സ് ആപ്പ് ഉപേക്ഷിച്ച് ഉപഭോക്താക്കള്‍ മറ്റ് മെസഞ്ചര്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയിരുന്നു.

സിഗ്‌നല്‍, ടെലഗ്രാം മുതലായ പ്ലാറ്റ്‌ഫോമുകളിലേക്കാണ് ആളുകള്‍ കൂട്ടത്തോടെ മാറിയത്. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്ന് വാട്‌സ് ആപ്പ് തുടക്കത്തില്‍ പ്രസ്താവന ഇറക്കിയിരുന്നു. ആര്‍ക്കും സന്ദേശം അയയ്ക്കുന്നുവെന്നോ സന്ദേശത്തിലെ വിവരങ്ങള്‍ എന്താണെന്നോ മറ്റാര്‍ക്കും നല്‍കില്ല. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങള്‍ മാത്രമേ കൈമാറുകയുള്ളൂ. ഇക്കാര്യങ്ങളില്‍ സ്വകാര്യത സംരക്ഷിക്കുമെന്നും വാട്‌സ് ആപ്പ് ഉറപ്പുനല്‍കി. ഇതുകൊണ്ടൊന്നും ഫലമുണ്ടാവാതെ വന്നതോടെയാണ് ഫെബ്രുവരി എട്ടിന് പുതിയ നയം നടപ്പാക്കുന്നതില്‍നിന്ന് വാട്‌സ് ആപ്പ് പിന്നാക്കംപോയത്.

Tags:    

Similar News