പഞ്ചാബില്‍ വ്യോമസേനയുടെ മിഗ്- 29 വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

സാങ്കേതികത്തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമികവിവരം.

Update: 2020-05-08 08:39 GMT

ചണ്ഡിഗഡ്: പഞ്ചാബ് ജലന്ധറില്‍ വ്യോമസേനയുടെ മിഗ്- 29 വിമാനം തകര്‍ന്നുവീണു. ശഹീദ് ഭഗത്‌സിങ് നഗറിലെ ചുഹാദ്പൂര്‍ ഗ്രാമത്തില്‍ പരിശീലനപ്പറക്കലിനിടെയാണ് വിമാനം തകര്‍ന്നുവീണതെന്ന് പോലിസ് സൂപ്രണ്ട് വസീര്‍ സിങ് ഖൈറ അറിയിച്ചു. പൈലറ്റ് രക്ഷപ്പെട്ടതായി വ്യോമസേന അറിയിച്ചു. സാങ്കേതികത്തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമികവിവരം.

സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. രാവിലെ 10.30 ഓടെയാണ് അപകടത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സീനിയര്‍ എസ്പി അല്‍ക മീണ പ്രതികരിച്ചു. വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പ് ഹോഷിയാര്‍പൂര്‍ ജില്ലയിലെ റൂര്‍ക്കി ഖാസ് ഗ്രാമത്തില്‍വച്ച് പൈലറ്റ് വിമാനത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അദ്ദേഹത്തിന് മതിയായ ചികില്‍സ ഉറപ്പുവരുത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Tags:    

Similar News