ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ക്യാബിന്‍ക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.പ്രതി രാത്രി മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന എയര്‍ ഹോസ്റ്റസ് ഉണര്‍ന്ന് നിലവിളിക്കാന്‍ തുടങ്ങി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരെ കണ്ട പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ ഏല്‍പ്പിച്ചു.
'പുലര്‍ച്ചെ 1.30ഓടെ യുവതിയുടെ മുറിയില്‍ ഒരാള്‍ അതിക്രമിച്ചു കടക്കുകയും ആക്രമിക്കുകയുമായിരുന്നു. ഞെട്ടിയുണര്‍ന്ന ജീവനക്കാരി സഹായത്തിനായി നിലവിളിച്ചു. വാതിലിനടുത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതി പിന്തുടര്‍ന്ന് പിടികൂടുകയും തറയില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു'- ബന്ധപ്പെട്ട വൃത്തങ്ങളിലൊരാള്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയര്‍ ഹോസ്റ്റസ് സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ഹോട്ടല്‍ മാനേജ്മെന്റുമായി സഹകരിച്ച് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.